പാർട്ടി കൊടുത്തത് മറ്റു പേരുകൾ
ന്യൂഡൽഹി: പാക് ഭീകരതയ്ക്കെതിരായ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിൽപ്പോകുന്ന പ്രതിനിധി സംഘത്തിൽ ശശി തരൂരിന് പോകാൻ കോൺഗ്രസ് അനുമതി. രാജ്യത്തിന്റെ വിഷയത്തിൽ വിലകുറഞ്ഞ രാഷ്ട്രീയത്തിനില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. മനീഷ് തിവാരി, സൽമാൻ ഖുർഷിദ് എന്നിവർക്കും പച്ചക്കൊടി.
കേന്ദ്രസർക്കാർ നോമിനിയാണ് തരൂർ. കോൺഗ്രസ് നിർദ്ദേശിച്ചത് മറ്റു നാല് നേതാക്കളെയായിരുന്നു. രാഹുൽ ഗാന്ധി നിർദ്ദേശിച്ചത് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ്മ, ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എം.പിമാരായ ഡോ. സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരെ. മന്ത്രി കിരൺ റിജിജു വെള്ളിയാഴ്ച ഉച്ചയ്ക്ക് മല്ലികാർജ്ജുൻ ഖാർഗെയെയും രാഹുലിനെയും വിളിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് പട്ടിക നൽകിയത്.കേന്ദ്രാനുകൂല നിലപാടെടുത്ത് മുൻപ് പലതവണ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്താനുള്ള നീക്കം മുന്നിൽക്കണ്ടായിരുന്നു ഇത്. പക്ഷേ, കോൺഗ്രസ് നിർദ്ദേശം തള്ളി യു.എസ്, യു.കെ രാജ്യങ്ങളിലേക്കുള്ള സംഘത്തെ തരൂർ നയിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പാർട്ടിക്കാരനായതുകൊണ്ട് മാത്രം കാര്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അടക്കം വിമർശിച്ചിരുന്നു.
നിഷികാന്ത് ദുബെ, ബാൻസുരി സ്വരാജ്, അനുരാഗ് താക്കൂർ, എം.ജെ. അക്ബർ, സമിക് ഭട്ടാചാര്യ, ദഗ്ഗുബതി പുരന്ദേശ്വരി, എസ്.എസ് അലുവാലിയ (ബി.ജെ.പി), അസദുദ്ദീൻ ഒവൈസി (എ.ഐ.എം.ഐ.എം) ഗുലാം നബി ആസാദ് (ഡി.പി.എ), പ്രിയങ്ക ചതുർവേദി (ശിവസേന-യു.ബി.ടി), സസ്മിത് പമിത്ര (ബി.ജെ.ഡി), ലവുകൃഷ്ണ ദേവരായലു, ഗന്തി ഹരീഷ് മധുർ (ടി.ഡി.പി), സുധീപ് ബന്ദോപാദ്ധ്യായ (തൃണമൂൽ), വിക്രം ജിത് സിംഗ് സാഹ്നി (ആംആദ്മി) എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.
രാജ്യം ആദ്യം: തരൂർ
രാജ്യത്തിന്റെ നിലപാടുകൾ ലോകത്തെ അറിയിക്കാനുള്ള ദൗത്യത്തിന് കേന്ദ്രസർക്കാർ ക്ഷണിച്ചത് അംഗീകാരമാണെന്ന് ശശി തരൂർ എക്സിൽ കുറിച്ചു. രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ സേവനം ആവശ്യപ്പെടുമ്പോൾ മാറി നിൽക്കാനാകില്ല.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാത്തതിലടക്കം അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പാർട്ടിയെ പ്രതിനിധിയെയും അയയ്ക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു.
നാലു മലയാളികൾ
തരൂരിനെക്കൂടാതെ ജോൺ ബ്രിട്ടാസ്(സി.പി.എം), ഇ.ടി.മുഹമ്മദ് ബഷീർ(മുസ്ളിം ലീഗ്), വി.മുരളീധരൻ (ബി.ജെ.പി) എന്നിവരും പ്രതിനിധികളാണ്. മേയ് 23 മുതൽ യു.എസ്, യു.കെ, ജപ്പാൻ, സൗദി, ദക്ഷിണാഫ്രിക്ക, ഖത്തർ, യു.എ.ഇ, കുവൈറ്റ്, ബഹ്റൈൻ,അൾജീരിയ, ഒമാൻ, കെനിയ, ഈജിപ്ത്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിവിധ സംഘങ്ങൾ സന്ദർശിക്കും. രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ(ബി.ജെ.പി), സഞ്ജയ് കുമാർ ഝാ(ജെ.ഡി.യു), കനിമൊഴി(ഡി.എം.കെ), സുപ്രിയാ സുലേ (എൻ.സി.പി-എസ്.പി), ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ(ശിവസേന) എന്നിവരാണ് മറ്റ് സംഘങ്ങളെ നയിക്കുക.
നിരസിച്ച് സൽമാൻ ഖുർഷിദ്
വിദേശരാജ്യങ്ങളിലേക്കുള്ള സർവകക്ഷി സംഘത്തിലേക്കുള്ള ക്ഷണം നിരാകരിച്ച് കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്. പാർട്ടിയാണ് അംഗങ്ങളെ തീരുമാനിക്കേണ്ടതെന്നും തന്നെ രണ്ടു ദിവസം മുമ്പാണ് സർക്കാർ വിളിച്ചതെന്നും ഖുർഷിദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |