അഞ്ചുവർഷമായിട്ടും
അനങ്ങാതെ സർക്കാർ
തിരുവനന്തപുരം: സ്വാശ്രയമെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ ദരിദ്രകുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കാൻ നിയമനിർമ്മാണത്തിന് മടിച്ച് സർക്കാർ. എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഫീസിനൊപ്പം 5ലക്ഷംരൂപ അധികം ഈടാക്കി സർക്കാരിന്റെ കോർപസ് ഫണ്ടിലേക്ക് മാറ്റിയാണ് സ്കോളർഷിപ്പ് നൽകിയിരുന്നത്. സർക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് സ്കോളർഷിപ്പ് നടപ്പാക്കിയത്. സ്കോളർഷിപ്പിനായി നിയമനിർമ്മാണമാവാമെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിർദ്ദേശിച്ചെങ്കിലും സർക്കാർ അനങ്ങുന്നില്ല. ആരോഗ്യവകുപ്പിൽനിന്ന് ഇത്തരമൊരു നിയമനിർമ്മാണ നിർദ്ദേശം നിയമവകുപ്പിലെത്തിയിട്ടില്ല.
2017-18മുതൽ അലോട്ട്മെന്റ് ലഭിച്ച ബി.പി.എൽ കുട്ടികൾക്ക് കോർപസ് ഫണ്ടിൽനിന്ന് സ്കോളർഷിപ്പ് നൽകാൻ പ്രത്യേക നിയമനിർമ്മാണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2020ജൂലായിലാണ് ഹൈക്കോടതി സ്റ്രേചെയ്തത്. അഞ്ചു വർഷമായിട്ടും നിയമനിർമ്മാണത്തിന് സർക്കാർ ജാഗ്രത കാട്ടിയില്ല. 2017-18ൽ പ്രവേശനം നേടിയ 88പേർക്കൊഴികെ ആർക്കും സ്കോളർഷിപ്പ് കിട്ടുന്നില്ല. ഇതിനിടെ, എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് അഞ്ചു ലക്ഷം സ്കോളർഷിപ്പ് ഫണ്ടിലേക്കായി ഈടാക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽസെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. ഇതോടെ ഫലത്തിൽ ബി.പി.എൽ സ്കോളർഷിപ്പ് ഇല്ലാതായിരിക്കുകയാണ്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 7.71ലക്ഷം മുതൽ 8.87ലക്ഷംവരെയാണ് ഫീസ്. നീറ്റ് റാങ്കിൽ മുന്നിലെത്തിയ ബി.പി.എല്ലുകാർ സർക്കാരിന്റെ സ്കോളർഷിപ്പ് കിട്ടുമെന്ന ഉറപ്പിലാണ് പ്രവേശനം നേടിയത്. ഫീസടയ്ക്കാൻ കോളേജുകൾ കുട്ടികളെ നിർബന്ധിക്കുകയാണ്. സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനത്തിനുശേഷം രണ്ടുവർഷം സർക്കാരിൽ പ്രവർത്തിക്കാമെന്ന് ബോണ്ട് വാങ്ങിയിട്ടുണ്ട്. അതിനാൽ സർക്കാരിന് സ്കോളർഷിപ്പിൽ നിന്ന് പിന്നോട്ടുപോകാനാവില്ല. എൻ.ആർ.ഐ വിദ്യാർത്ഥികളുടെ ഫീസിൽ നിന്നുള്ള വിഹിതം കൊണ്ടുമാത്രം സ്കോളർഷിപ്പ് നൽകാനാവാത്തതിനാൽ സർക്കാർ വിഹിതവുമുപയോഗിച്ചാണ് സ്കോളർഷിപ്പ് നൽകിയിരുന്നത്.
കോളേജുകൾക്ക് തിരിച്ചു
കൊടുത്താലും ഗുണമില്ല
എൻ.ആർ.ഐ വിദ്യാർത്ഥികളിൽനിന്ന് ഈടാക്കിയ തുക സ്വാശ്രയകോളേജുകൾക്ക് തിരിച്ചുകൊടുക്കാനും അവർ പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് വിനിയോഗിക്കാനുമാണ് കോടതിവിധി. എന്നാൽ എല്ലാ കോളേജുകളിലും ബി.പി.എൽ വിദ്യാർത്ഥികളില്ല. അവർക്കായി തുക വിനിയോഗിക്കാനാവില്ല.
ബി.പി.എൽ വിദ്യാർത്ഥികൾ സർക്കാരോ ഫീസ്‌നിർണയസമിതിയോ നിശ്ചയിക്കുന്ന സബ്സിഡിഫീസ് നൽകിയാൽ മതിയെന്നാണ് ഉത്തരവ്. എന്നാൽ കേരളത്തിൽ 15%എൻ.ആർ.ഐ ക്വോട്ടയൊഴികെയുള്ള 85%സീറ്റുകളിലും ഒരേഫീസാണ്. സബ്സിഡി നിരക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |