തിരുവനന്തപുരം: ദേശീയപാത 66 തകർന്നതിൽ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കാലവർഷം അടുത്തിരിക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീപാത അതോറിറ്റിയുടെ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.
രാജ്യത്തിന്റെ മതേതരത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന ബി.ജെ.പിയുടെ നടപടികളെ അപലപിച്ചു. ബി.ജെ.പിയുടെ സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും.
26ന് വൈകിട്ട് 4ന് കൊച്ചിയിൽ ജയ് ഹിന്ദ് സഭ സംഘടിപ്പിക്കും. മുതിർന്ന സൈനികർ, വിമുക്ത സൈനികർ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് 27ന് ഡി.സി.സികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി നടത്തും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരാനും രണ്ടു ദിവസത്തെ നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, സെക്രട്ടറിമാരായ വി.കെ. അറിവഴകൻ, പി.വി. മോഹനൻ, മൻസൂർ അലിഖാൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, വി.എം.സുധീരൻ, കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ്, എ.പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |