കൊല്ലം: ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ പങ്കാളിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള എൽ.ഡി.എഫ് പൊതുയോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേശീയപാത അതോറിറ്റിയാണ്. അതു കൊണ്ടാണ് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളിൽ ചില നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയത്. എൽ.ഡി.എഫ് വന്നില്ലായിരുന്നെങ്കിൽ ദേശീയപാത യാഥാർത്ഥ്യമാകില്ലായിരുന്നു. നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ ചിലയിടത്ത് പ്രശ്‌നങ്ങളുണ്ടായപ്പോൾ എൽ.ഡി.എഫിന് മേൽ പഴി ചാരാനാണ് ചിലർ ശ്രമിക്കുന്നത്. എൽ.ഡി.എഫ് സസ്ഥലമേറ്റെടുത്തത് കൊണ്ടല്ലേ റോഡു പണി നടന്നതെന്ന് ചോദിക്കാം. ആ അർത്ഥത്തിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സ്ഥലമേറ്റെടുത്ത് നൽകിയത് നാടിനോടുള്ള ഉത്തരവാദിത്തം കൊണ്ടാണ്. അതിൽ പിഴവില്ല. ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ അംഗീകരിക്കാൻ സംസ്ഥാനം നിർബന്ധിതരാവുകയായിരുന്നു. രാജ്യത്തെങ്ങുമില്ലാത്ത തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ട അവസ്ഥ സംസ്ഥാന സർക്കാരിനുണ്ടായത് യു.ഡി.എഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാസെക്രട്ടറി എസ്.സുദേവൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി, എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ്, മേയർ ഹണി ബെഞ്ചമിൻ, മുതിർന്ന സി.പി.എം നേതാവ് പി.കെ.ഗുരുദാസൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.
വാഗ്ദാനങ്ങളിൽ ബാക്കി
വിരലിലെണ്ണാവുന്നവ
2016ലെ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ വിരലിലെണ്ണാവുന്നതൊഴികെ ബാക്കിയെല്ലാം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിക്ക് പരിഹാസവും എതിർപ്പും നേരിടേണ്ടിവന്നു. തൊണ്ണൂറായിരം കോടിയുടെ വികസനം കിഫ്ബിയിലൂടെ നടപ്പാക്കി. കിഫ്ബി വായ്പ സംസ്ഥാന വായ്പയായി കണക്കാക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. കേരളത്തിന്റെ ദുരവസ്ഥ കണ്ട് സഹായിക്കാൻ വന്നവരെയും മോദി സർക്കാർ തടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
കളക്ടർക്ക് റിപ്പോർട്ട് നൽകി
തൃശൂർ: ദേശീയപാത 66ൽ ചാവക്കാട് മണത്തല ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതിൽ കളക്ടർ നിയമിച്ച വിദഗ്ദ്ധ സമിതി പരിശോധന നടത്തി റിപ്പോർട്ട് കൈമാറി. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ജില്ലാ എക്സി. എൻജിനീയർ എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ദേശീയപാത അധികൃതർക്ക് നിർദ്ദേശം കൊടുത്തതായി ജില്ലാ കളക്ടർ പറഞ്ഞു.
കരാർ കമ്പനി ഓഫീസ്
ഡി.വൈ.എഫ്.ഐ തകർത്തു
കണ്ണൂർ: ദേശീയപാത 66ന്റെ നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാർ കമ്പനി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം.
കണ്ണൂരിൽ വിളയാങ്കോടുള്ള മേഘ കൺസ്ട്രക്ഷൻസിന്റെ ഓഫീസ് പ്രവർത്തകർ അടിച്ചു തകർത്തു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ മറികടന്ന് ഓഫീസിന്റെ ചില്ലും സി.സി.ടി.വിയും അടിച്ചുതകർക്കുകയുമായിരുന്നു. ഓഫീസിനുള്ളിൽ പ്രവർത്തകർ ജീവനക്കാരെ ഉപരോധിക്കുകയും ചെയ്തു.
ദേശീയപാത നിർമ്മാണത്തിൽ അപാകത വരുത്തിയവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺട്രാക്ടറുടെ പിഴവു മൂലം നഷ്ടം സംഭവിച്ചാൽ സർക്കാരിന് നിർമ്മാണ കമ്പനിയിൽ നിന്നു നഷ്ടപരിഹാരം പിരിച്ചെടുക്കാൻ കഴിയും.
-രാജീവ് ചന്ദ്രശേഖർ
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |