തിരുവനന്തപുരം: എൻ.ആർ.ഐ മെഡിക്കൽ സീറ്റുകളിൽ പ്രവേശനം നേടുന്നവരിൽ നിന്ന് ഈടാക്കുന്ന അധികഫീസ് ഉപയോഗിച്ച് സ്വാശ്രയ കോളേജുകളിലെ പാവപ്പെട്ടവർക്ക് നൽകി വന്നിരുന്ന സ്കോളർഷിപ്പ് തുടരാൻ നിയമനിർമ്മാണത്തിന് സർക്കാർ. അധിക വിഹിതത്തിനൊപ്പം സർക്കാർ വിഹിതവും ചേർത്തുള്ള സ്കോളർഷിപ്പിനാകും നിയമം വ്യവസ്ഥ ചെയ്യുക.
ആരോഗ്യവകുപ്പ് നൽകുന്ന ശുപാർശയിൽ നിയമ വകുപ്പായിരിക്കും നിയമത്തിന്റെ കരട് തയ്യാറാക്കുക. ഇരുവകുപ്പുകളും ചർച്ച തുടങ്ങി. വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് നിയമം അന്തിമമാക്കും. സ്കോളർഷിപ്പ് ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കിയതോടെ നിയമനിർമ്മാണമല്ലാതെ പോംവഴിയില്ലെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പാവപ്പെട്ടവരുടെയും കൂലിപ്പണിക്കാരുടെയും മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചിരുന്നത്. 7.71ലക്ഷം മുതൽ 8.87ലക്ഷംവരെ ഫീസുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാരിന്റെ സ്കോളർഷിപ്പിന്റെ ഉറപ്പിലാണ് ഇവർ എം.ബി.ബി.എസിന് ചേർന്ന് പഠനംതുടരുന്നത്. കോടതി ഉത്തരവുണ്ടായതോടെ ഇവരോട് ഫീസടയ്ക്കാൻ കോളേജുകൾ നിർബന്ധിക്കുന്നുണ്ട്. പരീക്ഷയെഴുതിക്കില്ലെന്ന ഭീഷണിയുമുണ്ട്.
സ്കോളർഷിപ്പ് തുടരാൻ ഓർഡിനൻസ് പുറപ്പെടുവിച്ചാലും മതിയാവും. പിന്നീടിത് നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കിയാൽ മതി. സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനത്തിനുശേഷം രണ്ടുവർഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനം നടത്തണമെന്ന് വ്യവസ്ഥയുണ്ട്.
ഫണ്ടിലുള്ളത് 20 കോടി,
നൽകാനാവുന്നില്ല
2017-18ൽ പ്രവേശനം നേടിയ 88പേർക്കൊഴികെ ആർക്കും സ്കോളർഷിപ്പ് കിട്ടുന്നില്ല. ഇരുപത് കോടിയിലേറെ സ്കോളർഷിപ്പ് ഫണ്ടിലുണ്ടായിട്ടും കോടതി ഉത്തരവു കാരണം വിതരണം ചെയ്യാനാവുന്നില്ല
ഈ സാഹചര്യത്തിലാണ് നിയമനിർമ്മാണം. എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് 5ലക്ഷം വീതമീടാക്കി ബി.പി.എൽ സ്കോളർഷിപ്പിനുള്ള കോർപസ് ഫണ്ടുണ്ടാക്കിയത് എക്സിക്യുട്ടീവ് ഉത്തരവിറക്കിയാണ്
അങ്ങനെ പാടില്ലെന്നാണ് കോടതികൾ ചൂണ്ടിക്കാട്ടിയത്. പകരം നിയമനിർമ്മാണം നടത്താമെന്ന് നിർദ്ദേശിച്ചിരുന്നു
വില്ലനായത് ക്രോസ്
സബ്സിഡി
20 ലക്ഷമാണ് എൻ.ആർ.ഐ ഫീസ്. ഇതിൽനിന്നാണ് 5ലക്ഷം സ്കോളർഷിപ്പിനായി മാറ്റുന്നത്. ഒരുവിഭാഗത്തിൽ നിന്ന് ഉയർന്നഫീസീടാക്കി മറ്റുള്ളവർക്ക് സ്കോളർഷിപ്പ് നൽകുന്നത് ക്രോസ്‌സബ്സിഡിയുടെ പരിധിയിൽപെടും. അതിനാലാണ് സ്കോളർഷിപ്പ് റദ്ദാക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |