തിരുവനന്തപുരം: നിർമ്മാണം വിവിധ ഘട്ടങ്ങളിലെത്തിയ ദേശീയ പാത 66 ഈ മഴക്കാലത്തെ എത്രത്തോളം അതിജീവിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിട്ടിയും തുടർ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കുക.
മലപ്പുറം, കോഴിക്കോട്, കാസർകോട് ഭാഗത്തുള്ള എൻ.എച്ച് 66ന്റെ ഭാഗങ്ങളിൽ പൊട്ടലും വിള്ളലും ഇടിച്ചിലുമൊക്കെ ഉണ്ടായതിനു പുറമെ തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലയിലെ പാതയിലും ചിലിയിടങ്ങളിൽ വിള്ളലും കുഴിയും പ്രത്യക്ഷപ്പെട്ടിരുന്നു. പാതയുടെ ബലപരിശോധന കൂടി നടത്തിയതിനുശേഷമേ, പൂർത്തിയാകുന്ന റീച്ചുകൾ ഗതാഗതത്തിനു തുറന്നു കൊടുക്കുകയുള്ളൂ.
കേരളത്തിലെ ദേശീയപാത 66ന്റെ തകർച്ചയ്ക്കു കാരണം തേടാൻ കേന്ദ്ര ഉപരിതല മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി അദ്ധ്യക്ഷൻ ഡോ. ജി.വി. റാവു അദ്ധ്യക്ഷനായ വിദഗ്ധ സമിതി വൈകാകെ സംസ്ഥാനത്തെത്തും. ഐ.ഐ.ടി മുൻ പ്രഫസറും ഇന്ത്യയിലെ ജിയോ സിന്തറ്റിക് എൻജീനിയറിംഗ് രംഗത്തെ വിദഗ്ധനുമാണ് ഡോ. ജി.വി. റാവു. ജിമ്മി തോമസ്, അനിൽ ദീക്ഷിത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
പ്രധാന പാത ഉൾപ്പെടെ ഇടിഞ്ഞ കൂരിയാട്ടെ ആറുവരിപ്പാത റോഡ് നിർമ്മാണക്കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. ഹൈദരാബാദിൽനിന്ന് ഏഴ് പേരടങ്ങിയ പ്രത്യേകസംഘത്തിന്റെ വിലയിരുത്തൽ അടങ്ങിയ റിപ്പോർട്ട് കമ്പനി ഉടൻ ദേശീയപാത അതോറിട്ടിക്ക് നൽകും. കൂരിയാട് ഭാഗത്ത് വയഡക്ട് മോഡൽ മേൽപ്പാത നിർമ്മിക്കേണ്ടതിന്റെ സാദ്ധ്യതയും റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.
അപകട സാദ്ധ്യത മുന്നറിയിപ്പ് ലഭിച്ചു
ദേശീയപാത 66 ൽ അശാസ്ത്രീയ നിർമാണം അപകടമാകുമെന്ന റിപ്പോർട്ട് 8 മാസം മുൻപു സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിക്കു (കെ.എസ്.ഡി.എം.എ) ലഭിച്ചിരുന്നു. കാസർകോട്ടെ ബെവിഞ്ചെ, തെക്കിൽ, വീരമലക്കുന്ന്, മടലായി എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കെ.എസ്.ഡി.എം.എ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ടിലാണ് ദുരന്തസൂചനയുണ്ടായിരുന്നത്. തുടർപഠനം വേണമെന്നും ദുരന്തം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ എത്രയുംവേഗം സ്വീകരിക്കണമെന്നും ശുപാർശയുണ്ടായിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |