തിരുവനന്തപുരം: റേഷൻ കടകളിൽ വാതിൽപ്പടി വിതരണം നടത്തുന്ന ട്രാൻസ്പോർട്ട് കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികയിൽ രണ്ടു മാസത്തെ തുക നൽകിയതോടെ അവർ സമരം പിൻവലിച്ചു. ഇന്നലെ മുതൽ റേഷൻ കടകളിൽ ധാന്യം എത്തിച്ചു തുടങ്ങി. ഇതോടെ റേഷൻ വിതരണ പ്രതിസന്ധി മാറി. ഈ മാസം 10 മുതലാണ് കരാറുകാർ സാധനങ്ങൾ എത്തിക്കുന്നത് നിറുത്തിവച്ചത്.
സമരം റേഷൻ വിതരണത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി 12ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് മന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി നടത്തിയ ചർച്ചയിൽ വാതിൽപ്പടി വിതരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോയ്ക്ക് 50 കോടി രൂപ അനുവദിക്കാൻ ധാരണയായിരുന്നു. തുക സപ്ലൈകോയുടെ അക്കൗണ്ടിൽ എത്താൻ വൈകിയതാണ് സമരം നീണ്ടു പോകാൻ കാരണമായത്.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മൂന്നു മാസത്തെ തുകയും കഴിഞ്ഞ ഏപ്രിൽ മുതലുള്ള 12 മാസത്തെ തുകയുടെ 10 ശതമാനവും ഉൾപ്പെടെ ലഭിക്കാനായിരുന്നു കരാറുകാരുടെ സമരം. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലെ കുടിശ്ശികയായ്യ 46 കോടി രൂപ ഇന്നലെ നൽകി. ബാക്കി തുക ബില്ലുകൾ ലഭിക്കുന്ന മുറയ്ക്ക് നൽകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
''ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം തടസപ്പെട്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്''
- ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |