കോഴിക്കോട്: രക്തം സ്വീകരിക്കുമ്പോൾ ഇനി ഭയം വേണ്ട. ദാതാക്കളിൽ നിന്ന് രക്തം ശേഖരിച്ച് സുരക്ഷിതമായി രോഗികളിലെത്തിക്കുന്ന ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റൽ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കം. ആദ്യഘട്ടത്തിൽ മെഡി. കോളേജുകൾ ഉൾപ്പെടെ 43 ബ്ലഡ് ബാങ്കുകളിലും 47 ബ്ലഡ് സ്റ്റോറുകളിലുമായി 90 സർക്കാർ ആശുപത്രികളിലാണ് നടപ്പാക്കുക.
തിരുവനന്തപുരം ജനറൽ ആശുപത്രിയെയും പാറശ്ശാല താലൂക്ക് ആശുപത്രിയേയും പരീക്ഷണാടിസ്ഥാനത്തിൽ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ വഴി ബന്ധിപ്പിച്ച പദ്ധതി വിജയിച്ചതോടെയാണ് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കായും പാറശ്ശാല താലൂക്ക് ആശുപത്രി ബ്ലഡ് സ്റ്റോറേജ് യൂണിറ്റുമായാണ് പ്രവർത്തിക്കുന്നത്.
രക്തത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി സാമൂഹികാരോഗ്യ കേന്ദ്രം മുതൽ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളും ബ്ലഡ് ബാങ്കുകളും സജ്ജമാക്കും. ഓരോ ജില്ലയിലും ബ്ലഡ് ബാങ്കിലെ മെഡിക്കൽ ഓഫീസർമാർക്കാണ് ചുമതല. ഭാവിയിൽ സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കും.
ബ്ളഡ് ബാഗിൽ ചിപ്പ്
രക്തം സൂക്ഷിക്കുന്ന ബാഗുകളിൽ ട്രേസബിലിറ്റി ഡിജിറ്റൽ സംവിധാനം (ചിപ്പ് )ഘടിപ്പിക്കും. രക്തബാഗിലെ താപനില, അളവ് ഉൾപ്പെടെ ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. എല്ലാ ബ്ലഡ് ബാങ്കുകളെയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയർ പ്ലാറ്റ്‌ഫോമാണ് ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ.
കേരളത്തിൽ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ അറിയാം. രോഗികൾക്ക് അനുയോജ്യമായത് എവിടെയുണ്ടെന്ന് ആപ്ലിക്കേഷൻ ചൂണ്ടിക്കാട്ടും. ബന്ധപ്പെട്ട ബ്ലഡ് ബാങ്കുകളിൽ നിന്നു ആവശ്യാനുസരണം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് കെെമാറും.
അപൂർവ രക്തഗ്രൂപ്പ്
പെട്ടെന്ന് ലഭ്യമാവും
രക്തം ശേഖരിക്കുന്നത് മുതൽ നൽകുന്നത് വരെയുള്ള കാര്യങ്ങൾ ഡിജിറ്റലായി സുതാര്യതയോടെ കൈകാര്യംചെയ്യാം.
അപൂർവ രക്തഗ്രൂപ്പ് ഏത് ബാങ്കിൽ ലഭ്യമാണെന്ന് അറിയാനാകും.
ട്രേസബിലിറ്റി ഡിജിറ്റൽ സംവിധാനം ഘടിപ്പിച്ച ബാഗ് 35 -42 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
രക്തബാഗിലെ താപനിലയിൽ വ്യതിയാനം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്ക് ഫോണിൽ സന്ദേശം ലഭിക്കും
ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്ത്..................10 ആശുപത്രികളിൽ (മറ്റു ജില്ലകളിൽ ഇതിന് ആനുപാതികമായി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |