കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിൽ 500ലേറെപ്പേർ മരിച്ചതായും 1000ലേറെപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. നൂർ ഗുൽ, സോകി, വാട്ട്‌പൂർ, മനോഗി, ചപാഡേർ തുടങ്ങിയ ജില്ലകളെയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്. പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടു.
പ്രാദേശിക സമയം രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കായി ആണ് പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൻ നാശനഷ്ടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
മരണസംഖ്യയും പരിക്കുകളും വളരെ കൂടുതലാണെന്നും പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ രക്ഷാപ്രവർത്തകർ സ്ഥലത്ത് തുടരുകയാണെന്നും ആരോഗ്യ മന്ത്രി ഷറഫത്ത് സമാന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും വിദൂര ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്നതോടെ മരണസംഖ്യ ഉയരുമെന്ന് കരുതുന്നതായും കുനാറിന്റെ പ്രവിശ്യാ വിവര മേധാവി നജിബുള്ള ഹനീഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |