തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ, കെ.പി.സി.സി നേതൃത്വം പുനഃസംഘടനാ ചർച്ചകളിലേക്ക് കടക്കുന്നു. ജൂലായ് രണ്ടിന് കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ഇന്ദിരാഭവനിൽ ചേരും.
പുനഃസംഘടന എങ്ങനെ വേണമെന്നത് കെ.പി.സി.സി നേതൃത്വവും മുതിർന്ന നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദ്ദേശിച്ചത്.പുതുതായി ചുമതലയിലെത്തുന്നവർക്ക് സാഹചര്യങ്ങൾ മനസിലാക്കാൻ സമയം വേണ്ടിവരും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ സമ്പൂർണ്ണ പുനഃസംഘടന ഉണ്ടായേക്കില്ല. പ്രവർത്തനത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാത്തവരെയും സ്വയം സന്നദ്ധരായി പ്രവർത്തിക്കാത്തവരെയും മാറ്റാനാണ് ഒരു നിർദ്ദേശം .കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റേണ്ടതില്ലെന്ന അഭിപ്രായവും രാഷ്ട്രീയകാര്യ സമിതി യോഗത്തിലുണ്ടായി.
നേരത്തെ ഉണ്ടായിരുന്ന കെ.പി.സി.സി സെക്രട്ടറിമാരെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അസ്ഥിരപ്പെടുത്തിയിരുന്നു. സെക്രട്ടറി പദവി പുനഃസ്ഥാപിക്കാനും ആലോചനയുണ്ട്.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ നിലവിൽ 21 ആണ്. ജനറൽ സെക്രട്ടറിമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഹൈക്കമാൻഡിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന ക്രമത്തിൽ വേണമെന്ന നിർദ്ദേശവും പരിഗണിച്ചേക്കും. ഡി.സി.സി പ്രസിഡന്റുമാർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് എ.ഐ.സി.സി മുമ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇക്കാര്യത്തിൽ ചിലപ്പോൾ ഇളവ് വന്നേക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷന്റെ മേൽനോട്ടം കെ.മുരളീധരന് നൽകും . വി.എസ്.ശിവകുമാർ (കൊല്ലം), വി.ഡി.സതീശൻ (എറണാകുളം), റോജി.എം.ജോൺ (തൃശൂർ), രമേശ് ചെന്നിത്തല (കോഴിക്കോട്), കെ.സുധാകരൻ ( കണ്ണൂർ) എന്നിങ്ങനെയാണ് മറ്റ് കോർപ്പറേഷനുകളിലെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |