
കൊല്ലം: പൂതക്കുളത്തെ ആനകളെ തടിപ്പണിക്ക് കൊണ്ടുപോകാറില്ല. പൂരങ്ങൾക്കും മറ്റു പുണ്യവേളകളിലും എഴുന്നള്ളിയാൽ മാത്രം മതി. പഴവും ശർക്കരയും കരിമ്പും പായസച്ചോറുമെല്ലാം ഇഷ്ടംപോലെ കിട്ടും. കുട്ടികൾ കൗതുകത്തോടെ നോക്കും. ആനപ്രിയർ തൊട്ടുതലോടും. കർക്കിടക മാസത്തിൽ ഇവയ്ക്ക് സുഖചികിത്സയുമുണ്ട്.
ആനക്കൊട്ടിലിൽ മദപ്പാടുകാലം കഴിഞ്ഞ് തലയെടുപ്പോടെ പൂരങ്ങൾക്ക് ഒരുങ്ങിനിൽക്കുകയാണ് പൂതക്കുളം ആനഗ്രാമത്തിലെ 25 കൊമ്പന്മാർ. ഗുരുവായൂർ കഴിഞ്ഞാൽ തെക്കൻ കേരളത്തിൽ നിശ്ചിത ചുറ്റളവിൽ ഏറ്റവും കൂടുതൽ ആനകളുള്ള ദേശമാണ് കൊല്ലം ജില്ലയിലെ പൂതക്കുളം. പുത്തൻകുളം അനന്തപത്മനാഭൻ, പുത്തൻകുളം അർജ്ജുൻ, ചിറക്കര ശ്രീറാം, തടത്താവിള രാജശേഖരൻ, അമ്പാടി മഹാദേവൻ, പനയ്ക്കൽ നന്ദൻ, മങ്ങാട് ഗണപതി,പുത്തൻകുളം മോദി ഇങ്ങനെ നീളുന്നു തലപ്പൊക്കവും ആകാരഭംഗിയും കൊണ്ട് പ്രസിദ്ധിനേടിയ കൊമ്പന്മാർ. ഇവിടത്തെ കൊമ്പന്മാർക്ക് കേരളമാകെ ഫാൻസ് അസോസിയേഷനുകളുമുണ്ട്.
മാസങ്ങളായി ആനക്കൊട്ടിലുകളിൽ വിശ്രമിച്ചിരുന്ന ആനകൾ ജനുവരിയിൽ സീസൺ ആരംഭിക്കുന്നതോടെ ഉത്സവയാത്രകൾ തുടങ്ങും. തുടർച്ചയായ ദീർഘയാത്രകൾ ഒഴിവാക്കാൻ ദൂരെയുള്ള ഉത്സവത്തിന് ബുക്കിംഗ് ലഭിച്ചാൽ തൊട്ടടുത്തുള്ള ദിവസങ്ങളിൽ അതിനടുത്തുള്ള സ്ഥലങ്ങളിലെ ബുക്കിംഗേ സ്വീകരിക്കൂ.
ആനക്കഥ ഇങ്ങനെ
1977ൽ പുത്തൻകുളം ജോയിഭവനിൽ വിശ്വംഭരൻ ഒരു ആനയെ വാങ്ങി. സ്ഥലത്തെ പ്രമാണിമാർക്ക് അതിൽ കൗതുകമായി. അവർകൂടി ചേർന്ന് കൂടുതൽ ആനകളെ വാങ്ങി. ഇപ്പോൾ 10 ആന മുതലാളിമാരുണ്ടിവിടെ. 65 ആനകൾ വരെ ഈ ചെറുഗ്രാമത്തിലുണ്ടായിരുന്നു. പ്രായംചെന്ന് ചരിയുന്നവയ്ക്കു പകരം ആനകളെ കൊണ്ടുവരുന്നതിന് തടസങ്ങൾ ഏറിയതോടെയാണ് എണ്ണം കുറഞ്ഞത്.
ആനയ്ക്ക് ദിവസച്ചെലവ് 6000 രൂപ
ഒരു ദിവസം ഭക്ഷണവും മരുന്നും സഹിതം ആറായിരം രൂപ വരെ ഒരാനയ്ക്ക് ചെലവുവരും. കർക്കിടക ചികിത്സ ആരംഭിക്കുമ്പോൾ ചെലവുകൂടും. ഈ സമയം നവധാന്യങ്ങൾ പൊടിച്ച് വേവിച്ച് ചോറിനൊപ്പം നൽകും. ചിങ്ങമാസത്തോടെ മദപ്പാടിലാകും. മദപ്പാട് മാറ്റാൻ കെട്ടിയിട്ടാണ് ചികിത്സ. പഴ വർഗങ്ങളും തണുത്ത ആഹാരങ്ങളും കൂടുതലായി നൽകും. ജനുവരി മുതൽ ഏപ്രിൽ അവസാനം വരെയുള്ള ഉത്സവകാലത്താണ് കൊമ്പന്മാർ വരുമാനം കൊണ്ടുവരുന്നത്. 30,000 മുതൽ 70,000 രൂപ വരെയാണ് ഒരു ദിവസത്തെ ഏക്കത്തുക. കൂടുതൽ ഉത്സവങ്ങളുള്ള നാളുകളിൽ ലക്ഷത്തിന് മുകളിലേക്ക് ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |