
തിരുവനന്തപുരം: ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോയെടുത്ത് സ്ഥാനം ഏറ്റെടുക്കണമെന്ന് സർക്കാർ ഉത്തരവ്. ആറ് പഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി 20ന് അവസാനിക്കും. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങൾ ചേരാൻ പാടില്ലെന്നായിരുന്നു. 21 ഞായറാഴ്ച പൊതു അവധിയാണ്. ഈ സാഹചര്യത്തിൽ ഒരു ദിവസത്തേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാൻ ചട്ട ഭേദഗതിയിലൂടെ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത് അതത് വരണാധികാരികളാണ്. കോർപ്പറേഷനുകളിൽ കളക്ടർമാരാണ് ചെയ്യുക. ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം പ്രതിജ്ഞ ചെയ്യുക.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി,ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനിൽ 11.30നും സത്യപ്രതിജ്ഞ നടത്തണം. പ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലുടൻ ആദ്യയോഗം ചേരണം. യോഗത്തിൽ ആദ്യം പ്രതിജ്ഞ ചെയ്ത അംഗം അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തുന്ന തീയതിയും സമയവും സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് തദ്ദേശസ്ഥാപന സെക്രട്ടറി വായിക്കും. നിശ്ചയിച്ചിരിക്കുന്ന ദിവസം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും മുനിസിപ്പൽ ചെയർപേഴ്‌സൺ. ഡെപ്യൂട്ടി ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പും അതത് വരണാധികാരികൾ നടത്തണം. കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടിമേയർ തിരഞ്ഞെടുപ്പ് അതത് കളക്ടർമാരും നടത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |