ലക്ഷ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക
കൊല്ലം: ഉൾനാടൻ ജലാശയങ്ങളിലെ നിർമ്മിതികളായ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ,റെസ്റ്റോറന്റുകൾ,ജെട്ടികൾ,കോട്ടേജുകൾ എന്നിവയുടെ അനുമതിക്കും നിയന്ത്രണത്തിനും മാർഗരേഖ വരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള മാരിടൈം ബോർഡ് തയ്യാറാക്കിയ കരട് മാർഗരേഖ സർക്കാരിന്റെ പരിഗണനയിലാണ്. ചീഫ് സെക്രട്ടറി യോഗം വിളിച്ചാണ് മാർഗരേഖ തയ്യാറാക്കാൻ മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തിയത്. നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങി ഉൾനാടൻ ജലാശയങ്ങളിൽ നിർമ്മിക്കുന്ന ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളും കോട്ടേജുകളിലും യാതൊരു സുരക്ഷാ പരിശോധനകളും നടക്കുന്നില്ല.
മാർഗരേഖ വന്നാൽ
മാർഗരേഖ നിലവിൽ വന്നാൽ ഉൾനാടൻ ജലാശയങ്ങളിലെ നിർമ്മാണത്തിന് പോർട്ട് രജിസ്റ്ററിക്ക് അപേക്ഷ നൽകണം. പിന്നാലെ മാരിടൈം ബോർഡിലെ സർവേയർമാർ ഡിസൈൻ,സുരക്ഷ എന്നിവ പരിശോധിക്കും. നിർമ്മാണത്തിനിടയിലും സുരക്ഷ,ബല പരിശോധന നടത്തും. പൂർത്തിയാകുമ്പോൾ സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കി രജിസ്ട്രേഷൻ അനുവദിക്കും. നിർമ്മിതിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് മുതൽ ഒരുവർഷത്തെ ഇടവേളകളിൽ പരിശോധന നടത്തി ലൈസൻസ് പുതുക്കണം. തദ്ദേശ സ്ഥാപനത്തിന്റെ നിർമ്മാണാനുമതിയോ എൻ.ഒ.സിയോ ഉണ്ടെങ്കിലേ മാരിടൈം ബോർഡ് സർവേ നടത്തൂ. നിലവിലുള്ള നിർമ്മിതികളും മാർഗരേഖ അടിസ്ഥാനമാക്കി ഡിസൈൻ അടക്കം തയ്യാറാക്കി മാരിടൈം ബോർഡിൽ നിന്ന് രജിസ്ട്രേഷൻ നേടണം.
സ്ഥാപിക്കും മുമ്പേ അനുമതി വാങ്ങണം
നിർമ്മിതിയുടെ കാലാവധി നിശ്ചയിക്കും
നിശ്ചിത ഇടവേളയിൽ ലൈസൻസ് പുതുക്കണം
പുതുക്കുന്നതിന് മുമ്പ് സുരക്ഷ പരിശോധന
ജീവൻ രക്ഷാ സംവിധാനങ്ങൾ നിർബന്ധം
ഒരേസമയം പ്രവേശിക്കുന്നവർക്ക് നിയന്ത്രണം
നിർമ്മാണ സാമഗ്രികൾക്ക് മാനദണ്ഡം
ഉൾനാടൻ ജലാശയങ്ങളിലെ നിർമ്മിതികൾക്ക് അനുമതി, നിയന്ത്രണം, സുരക്ഷ എന്നിവ സംബന്ധിച്ച കരട് മാർഗരേഖ വിശദമായ ചർച്ചകൾക്ക് ശേഷം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം വൈകാതെ സർക്കാർ ഉത്തരവിറങ്ങും.
എൻ.എസ്.പിള്ള, ചെയർമാൻ
കേരള മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |