തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് സർവ്വകലാശാലകളിൽ സർക്കാരും ഗവർണറും സിപിഎമ്മും തമ്മിലുള്ള വിഷയത്തിൽ ബിജെപി കക്ഷിയല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശും അനൂപ് ആന്റണിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കലാലയങ്ങളെ സംഘർഷകേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ വിദ്യാർഥികൾ കേരളം വിട്ടുപോകുന്നുവെന്നും മാരാർജി ഭവനിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലെ വിഷയങ്ങൾ വിശദീകരിച്ച് അവർ പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണം സംസ്ഥാന സർക്കാരാണ്. സിപിഎമ്മിന്റെ പെറ്റി പൊളിറ്റിക്സിനുള്ള വേദിയാക്കി സർവകലാശാലകളെ മാറ്റുന്നു. വൃത്തികെട്ട തരംതാണ രാഷ്ട്രീയമാണ് സർക്കാർ സർവകലാശാലകളിൽ നടത്തുന്നത്. ആ നടപടിയിൽ നിന്ന് സിപിഎമ്മും സർക്കാരും പിന്നോട്ട് പോകണം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 100 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ റോഡ് മാപ്പ് സംസ്ഥാന ഭാരവാഹി യോഗം അംഗീകരിച്ചു.ഓഗസ്റ്റ് ഒന്ന് മുതൽ 10 വരെ എല്ലാ വാർഡുകളിലും വിപുലമായ വാർഡ് സമ്മേളനങ്ങൾ നടത്തും. ഇരുപതിനായിരം വാർഡുകളിൽ സമ്മേളനങ്ങൾ നടത്തും. ഓഗസ്റ്റ് 15ന് വാർഡ് കേന്ദ്രങ്ങളിൽ സ്വാഭിമാന ത്രിവർണ്ണ റാലി ശോഭായാത്രകൾ നടത്തും. പരിപാടിയിൽ പ്രവർത്തകർ വികസിത കേരളം പ്രതിജ്ഞയെടുക്കും.യോഗം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. നിയുക്ത രാജ്യസഭാ എം. പി. സദാനന്ദൻ മാസ്റ്ററിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |