കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴി പൊലീസ് ഒത്താശയോടെ കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തലശേരിയിലെ വിക്ടോറിയ ബാറിനു മുന്നിൽ വച്ചാണ് സുഹൃത്തുക്കൾ എത്തിച്ചു നൽകിയ മദ്യം ഇവർ കഴിച്ചത്.
ബാറിനു മുന്നിൽ നിറുത്തിയിട്ട കാറിൽ നിന്ന് സുഹൃത്തുക്കളാണ് ഇവർക്ക് മദ്യം ഒഴിച്ച് നൽകിയത്. കൊടി സുനിയെ കൂടാതെ, മുഹമ്മദ് ഷാഫി, ഷിനോജ് എന്നവരാണ് മദ്യപിച്ചത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസുകാരില്ല.
മാഹി ഇരട്ടക്കൊല കേസിലെ പ്രതികൾകൂടിയായ ഇവരെ ഈ കേസിൽ ജൂലായ് 17ന് വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചശേഷം തിരിച്ചു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കാനെന്ന പേരിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. സംഭവം പുറത്തായതോടെ പ്രതികളെ കൊണ്ടുപോയ എ.ആർ. ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.
ജയിലിൽ വീണ്ടും മൊബൈൽ കണ്ടെത്തി
സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ, കീപാഡുള്ള പഴയ മൊബൈൽ ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.മുൻപും കണ്ണൂർ ജയിലിൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൊടുംഭീകരർ അടക്കമുള്ളവരുടെ സെല്ലുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സെൻട്രൽ ജയിലിൽ തടവുകാർക്ക് എല്ലാ സൗകര്യവും ലഭിക്കുമെന്ന് കഴിഞ്ഞദിവസം ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമി പൊലീസിന് മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |