കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ളാർക്ക് ഉൾപ്പെടെ തസ്‌തികകൾ അനുവദിക്കാനാവില്ലെന്ന ഉത്തരവിൽ നിന്ന് പ്രിൻസിപ്പൽമാരുടെയും അദ്ധ്യാപകരുടെയും ജോലി ഭാരം സംബന്ധിച്ച അവഹേളനപരമായ പരാമർശങ്ങൾ വിദ്യാഭ്യാസ വകുപ്പ്
നീക്കി. ഹയർ സെക്കൻഡറി സർക്കാരിന് സാമ്പത്തിക ഭാരമാണെന്ന പരാമർശവും ഒഴിവാക്കി. ക്ളാർക്കിന്റെ ജോലികൾ പ്രിൻസിപ്പൽമാരും, ലൈബ്രേറിയന്റെ ചുമതല അദ്ധ്യാപകരും വഹിക്കണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല.
ഹയർ സെക്കൻഡറിയിൽ ക്ളാർക്ക്, ലൈബ്രേറിയൻ തസ്‌തികകൾ അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഈ മാസം 14ന് പുറത്തിറക്കിയ ഉത്തരവാണ് പരിഷ്‌കരിച്ചത്. ഭരണ, പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ പ്രതിഷേധിച്ചതോടെയാണിത്.
ഒഴിവാക്കിയ
പരാമർശങ്ങൾ
□ഹയർ സെക്കൻഡറിയിൽ മുഴുവൻ സമയ ക്ളാർക്കിന് ചെയ്യേണ്ട ജോലികളൊന്നും തന്നെയില്ല
□പ്രസ്‌തുത ജോലികൾ ചെയ്യേണ്ടതിനാണ് പ്രിൻസിപ്പലിന് അദ്ധ്യാപനം ആഴ്‌ചയിൽ എട്ടു പീരിയഡായി ചുരുക്കി നിശ്ചയിട്ടുള്ളത്
□അദ്ധ്യാപകർക്ക് ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ ജോലി ഭാരം വരുന്നില്ല
ഹയർ സെക്കൻഡറി മേഖലയിൽ സർക്കാരിന് വലിയ സാമ്പത്തിക ഭാരം നിലനിൽക്കുന്നു
'പുതുക്കിയ ഉത്തരവിലും ഹയർ സെക്കൻഡറി മേഖല സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്ന പരാമർശമുണ്ട്. ക്ലറിക്കൽ തസ്തിക അത്യാവശ്യമില്ലെന്നും ജോലികൾ പ്രിൻസിപ്പലും അദ്ധ്യാപകരും നിർവഹിക്കണമെന്നുമുള്ള പുതുക്കിയ ഉത്തരവും പ്രതിഷേധാർഹമാണ്.'
- അനിൽ എം. ജോർജ്
ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്‌കൂൾ
ടീച്ചേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |