
പുളിക്കൽ: വോട്ടർപട്ടികയിൽ പേര് ചേർക്കാനായി പ്രായം തിരുത്തി വ്യാജരേഖ ചമച്ച സംഭവത്തിൽ പുളിക്കൽ പഞ്ചായത്തിലെ സി.പി.എം സ്ഥാനാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പുളിക്കൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.
പുളിക്കൽ പഞ്ചായത്തിലെ 16 -ാം വാർഡിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി കെ.ഒ. നൗഫൽ, പേര് ചേർക്കപ്പെട്ട പെൺകുട്ടി, ഇവരുടെ പിതാവ് എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ യോഗ്യത. എന്നാൽ, 18 വയസ്സ് തികയാത്ത വ്യക്തിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ ജനനത്തീയതിയിൽ കൃത്രിമം വരുത്തി വ്യാജരേഖ ചമയ്ക്കുകയായിരുന്നു. ഓൺലൈൻ വഴി അപേക്ഷ നൽകാൻ ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സഹിതം പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, കൃത്രിമം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |