
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിക്കായി ജോൺ ബ്രിട്ടാസ് എം.പിയുടെ ഇടപെടൽ പുറത്തു വന്നതോടെ സി.പി.ഐ വീണ്ടും അതൃപ്തിയിൽ. തിരഞ്ഞെടുപ്പിനു ശേഷം കൂടുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇത് അറിയിക്കും.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയും സംസ്ഥാനളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും രാജ്യസഭയിൽ ബ്രിട്ടാസ് സംസാരിച്ചിട്ടുണ്ട്. അതേ നയം നടപ്പാക്കാൻ സി.പി.എം എം.പി ഇടനിലക്കാരനായത് ആരുടെ നിർദ്ദേശ പ്രകാരമാണെന്ന ചോദ്യമാണ് സി.പി.ഐ ഉയർത്തുന്നത്.
സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ സി.പി.എം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും എതിർത്തിരുന്നു. അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാണ് ബ്രിട്ടാസ്. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ പി.എം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ നേരത്തെ ശക്തമായ നിലപാടാണെടുത്തത്. മന്ത്രിസഭാ യോഗത്തിൽ നിന്നു വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചതോടെയാണ് സർക്കാർ പിന്മാറാൻ കേന്ദ്രത്തിന് കത്തു നൽകിയത്. ബ്രിട്ടാസിന്റെ ഇടപെടൽ കേന്ദ്രമന്ത്രി തന്നെ സമ്മതിച്ചതോടെ, സി.പി.എമ്മിന് വീണ്ടും മറുപടി പറയേണ്ട സ്ഥിതി വന്നിരിക്കുന്നു.
ബ്രിട്ടാസ് ഇടനില നിന്നതിൽ സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. 'യൂ ടൂ ബ്രിട്ടാസ് ', 'ബ്രിട്ടാസ് മുന്ന' എന്നൊക്കെ സൈബർ പ്രചാരണവും പ്രതിപക്ഷം ശക്തമാക്കി.
അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മയപ്പെടുത്തിയാണ് പ്രതികരിച്ചത്. ലഭിക്കാനുള്ള എസ്.എസ്.കെ ഫണ്ടിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ബ്രിട്ടാസ് അറിയിച്ചെന്നും ആർ.എസ്.എസുകാരനായ കേന്ദ്ര മന്ത്രിയെക്കാൾ വിശ്വാസം ബ്രിട്ടാസിനെയാണെന്നും ബിനോയ് പറഞ്ഞു. എന്നാൽ, പാർട്ടിക്കുള്ളിൽ പലരും കടുത്ത അതൃപ്തിയിലാണ്.
കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അർഹമായ വിഹിതം ലഭിക്കാൻ എം.പി എന്ന നിലയിൽ ഇനിയും പാലമാകും. കേരളത്തിന്റെ ആവശ്യങ്ങൾക്കായി കേന്ദ്രമന്ത്രിമാരെ കാണും.
-ജോൺ ബ്രിട്ടാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |