
കൊച്ചി: ബംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിന്റെ കോച്ചിനടിയിലെ യന്ത്രഭാഗത്ത് ദിവസങ്ങൾ പഴക്കമുള്ള ഇടതുകൈപ്പത്തി കണ്ടെത്തി. ആരുടേതെന്ന് തിരിച്ചറിയാൻ എറണാകുളം റെയിൽവേ പൊലീസ് മൂന്നു സംസ്ഥാനങ്ങളിൽ അന്വേഷണം ആരംഭിച്ചു. എറണാകുളം മാർഷലിംഗ് യാർഡിലെ പിറ്റ്‌ലൈനിൽ 22 കോച്ചുകളടങ്ങിയ റേക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ജനറൽ കോച്ചിനടിയിലെ എയർകമ്പ്രസറിൽ കുടുങ്ങിക്കിടക്കുന്ന കൈപ്പത്തി കണ്ടെത്തിയത്. കൈപ്പത്തി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇതേ കോച്ചുകൾ 12ന് മാർഷലിംഗ് യാർഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടർന്ന് 14ന് ബംഗളൂരുവിലേക്ക് പോയ ട്രെയിൻ ഇന്നലെ പുലർച്ചെ എറണാകുളം സൗത്തിൽ തിരിച്ചെത്തിയ ശേഷമാണ് പരിശോധനയ്ക്കും അറ്റകുറ്റപ്പണിക്കുമായി വീണ്ടും യാർഡിലെത്തിച്ചത്. കേരളം,തമിഴ്നാട്,കർണാടക ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിൽ ഇരുഭാഗത്തേക്കും 1,214 കിലോമീറ്ററാണ് ട്രെയിൻ താണ്ടുന്നത്. ഇതിനിടെ ട്രെയിനിടിച്ച് മരിച്ച ആരുടേതെങ്കിലുമാകാം കൈപ്പത്തിയെന്നാണ് നിഗമനം. ഈ ഭാഗങ്ങളിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കൈപ്പത്തി പോസ്റ്റുമോർട്ടം നടത്തി ഡി.എൻ.എ സാമ്പിൾ ശേഖരിച്ചശേഷം പിന്നീട് സംസ്കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |