
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതികൾ ജനങ്ങൾക്കിടയിൽ പാർട്ടി എം.എൽ.എമാർ പ്രചരിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിർദ്ദേശം. ഒരിക്കലുമുണ്ടാകാത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ, അത് വേണ്ടരീതിയിൽ പ്രചരിപ്പിക്കാൻ ജനപ്രതിനിധികൾക്കായില്ല. വികസനത്തേക്കാൾ വിവാദങ്ങളാണ് മുന്നിൽ നിൽക്കുന്നത്.
ഭരണ വിരുദ്ധവികാരം സംസ്ഥാനത്തില്ല. അതിന് തെളിവാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുശതമാനം. സർക്കാർ ചെയ്ത ക്ഷേമപ്രവർത്തനങ്ങൾ വേണ്ടരീതിയിൽ ജനങ്ങളിലെത്തിച്ചാൽ വീണ്ടും അധികാരത്തിലെത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
ഇപ്പോൾ നടത്തുന്ന ഗൃഹസന്ദർശന പരിപാടിയും ചർച്ച ചെയ്തു. ഗൃഹസന്ദർശനത്തിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണിയുടെ മേഖലാ ജാഥകൾ വലിയ വിജയമാക്കണം. സ്വീകരണ സ്ഥലങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ നേതാക്കൾ മുൻകൈ എടുക്കണം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് സോഷ്യൽ മീഡിയ സംവിധാനം ശക്തമാക്കണം ഇന്ന് പാർട്ടി സംസ്ഥാന സമിതി യോഗം ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |