
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുന്ന മൂന്ന് അമൃത് ഭാരത് ഉൾപ്പെടെ കേരളത്തിന് അനുവദിച്ച നാല് ട്രെയിനുകൾ പുത്തരിക്കണ്ടത്തെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. അമൃത് ഭാരത് ട്രെയിനുകളായ തിരുവനന്തപുരം സെൻട്രൽ- താംബരം (ചെന്നൈ), തിരുവനന്തപുരം നോർത്ത്- ചെർലാപ്പള്ളി (ഹൈദരാബാദ്), നാഗർകോവിൽ- മംഗളുരു എന്നിവയും തൃശൂർ- ഗുരുവായൂർ പാസഞ്ചർ ട്രെയിനുകളുമാണിത്.
അതത് സ്റ്റേഷനുകളിലും വിപുലമായ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അമൃത് ഭാരത് ട്രെയിനുകൾ തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസൗകര്യം കൂട്ടും. ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, തൊഴിൽ, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്കും ഗുണകരമാവും.
പി.എം സ്വാനിധി
ക്രെഡിറ്റ് കാർഡ്
നഗര ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തെരുവ് കച്ചവടക്കാർക്കായുള്ള പി.എം സ്വാനിധി ക്രെഡിറ്റ് കാർഡും പ്രധാനമന്ത്രി പുറത്തിറക്കി. യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ളതും പലിശരഹിത റിവോൾവിംഗ് ക്രെഡിറ്റ് സൗകര്യമുള്ളതും തൽക്ഷണ പണലഭ്യത ഉറപ്പാക്കുന്നതുമാണിത്. കേരളത്തിലെ തെരുവു കച്ചവടക്കാർ ഉൾപ്പെടെ ഒരുലക്ഷം ഗുണഭോക്താക്കൾക്ക് പി.എം സ്വാനിധി വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. നഗരങ്ങളിലെ തെരുവു കച്ചവടക്കാരുടെയും ഉന്തുവണ്ടിക്കാരുടെയുമടക്കം ദാരിദ്ര്യ നിർമ്മാർജനത്തിലും ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന പദ്ധതിയാണിത്.
ടെക്നോളജി,
ഇന്നൊവേഷൻ ഹബ്ബ്
ശാസ്ത്ര-സാങ്കേതിക മേഖലയിൽ തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ-എൻ.ഐ.ഐ.എസ്.ടി ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ലൈഫ് സയൻസസ്, ബയോ-ഇക്കണോമി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹബ്ബ് ആയുർവേദം പോലുള്ള പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളെ ആധുനിക ബയോടെക്നോളജി, സുസ്ഥിര പാക്കേജിംഗ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയുമായി സംയോജിപ്പിക്കും. സ്റ്റാർട്ടപ്പ് രൂപീകരണം, സാങ്കേതികവിദ്യ കൈമാറ്റം, ആഗോള സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും. ഗവേഷണങ്ങളെ വിപണിക്ക് അനുയോജ്യമായ സംരംഭങ്ങളാക്കി മാറ്റാനുള്ള വേദിയായും പ്രവർത്തിക്കും.
ശ്രീചിത്രയിൽ റേഡിയോ
സർജറി സെന്റർ
തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അത്യാധുനിക റേഡിയോ സർജറി സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. സങ്കീർണമായ മസ്തിഷ്ക വൈകല്യങ്ങൾക്ക് അതീവ കൃത്യതയോടെയുള്ള ചികിത്സ നൽകാൻ ഇത് സഹായിക്കും. പൂജപ്പുരയിൽ പുതുതായി നിർമ്മിച്ച ഹെഡ് പോസ്റ്റ് ഓഫീസും മോദി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ഈ ഓഫീസ് തപാൽ, ബാങ്കിംഗ്, ഇൻഷ്വറൻസ്, ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾ നൽകുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |