
തിരുവനന്തപുരം: തുടർച്ചയായി ഭരിച്ചാൽ, ജനങ്ങൾ പൂർണ്ണമായി തള്ളിക്കളയുന്ന പാർട്ടിയായി സി.പി.എം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്രയ്ക്ക് അഴിമതിയും കെടുകാര്യസ്ഥതയും അക്രമവും അവരുടെ ഭരണശൈലിയായി മാറി. പശ്ചിമ ബംഗാളിലും ത്രിപുരയിലും അതാണ് സംഭവിച്ചത്.
പുത്തരിക്കണ്ടം മൈതാനത്ത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി തുടർച്ചയായി 30വർഷം ഭരിച്ച ത്രിപുരയിൽ ബി.ജെ.പി. രണ്ടുതവണയായി തുടർച്ചയായി ഭരിക്കുകയാണ്. സി.പി.എമ്മിന് ജനപ്രതിനിധി പോലുമില്ല.അവർ 40വർഷം ഭരിച്ച ബംഗാളിൽ ഭരിക്കുന്നത് വേറെ പാർട്ടിയാണ്. അവിടെ പ്രതിപക്ഷ പാർട്ടി ബി.ജെ.പിയാണ്. സി.പി.എമ്മിന് ജനപ്രതിനിധിയില്ല.
പത്തുവർഷം ഡൽഹിയിൽ ഭരണം നടത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ.ഭരണകാലത്ത് കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും അനുവദിച്ച തുകയത്രയും ഇടനിലക്കാരും പാർട്ടി നേതാക്കളും അപഹരിക്കുന്ന സ്ഥിതിയായിരുന്നു.
കേരളത്തിൽ ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോൾ
ശബരിമല മാത്രമല്ല, ബാങ്ക് നിക്ഷേപം പോലും സുരക്ഷിതമല്ല.ഇടത്തരക്കാരും സാധാരണക്കാരും ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും വിവാഹത്തിനും നിക്ഷേപിച്ച തുക സഹകരണബാങ്കുകളിൽ നിന്ന് കട്ടുകൊണ്ടുപോകുന്നവരാണവർ.
ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ആവുംവിധം അവർ ശ്രമിച്ചു. ഇവർക്ക് കടുത്ത ശിക്ഷ നൽകാനും മോഷണ മുതൽ കണ്ടുകെട്ടി ജനങ്ങൾക്ക് തിരിച്ചുകൊടുക്കാനും ബി.ജെ.പി. അധികാരത്തിലെത്തണം. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നാൽ ഒരു കേസും അവർ അന്വേഷിക്കില്ല.
ഗൾഫിലേയും യൂറോപ്പിലേയും രാജ്യങ്ങളുമായി ഇന്ത്യ വളർത്തിയ പുതിയ ബന്ധങ്ങൾ അവിടെ പണിയെടുക്കുന്ന മലയാളി യുവാക്കൾക്ക് വലിയ ആശ്വാസവും സഹായവുമാണെന്നും മോദി പറഞ്ഞു.
ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ആന്റണി സ്വാഗതവും ശോഭ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ ഹിന്ദിയിലുള്ള പ്രസംഗം സന്ദീപ് വാചസ്പദി മൊഴിമാറ്റി. പുതുതായി എൻ.ഡി.എയിലെത്തിയ ട്വന്റി-20അദ്ധ്യക്ഷൻ സാബു എം ജേക്കബിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജെ.എസ്.എസ്. നേതാവ് എ.വി.താമരക്ഷനെ ചടങ്ങിൽ സ്വീകരിച്ചു.
മേയർ വി.വി.രാജേഷ് നഗരവികസനത്തിന്റെ ബ്ളൂപ്രിന്റ് പ്രധാനമന്ത്രിക്ക് കൈമാറി.നേതാക്കളായ സി. സദാനന്ദൻ മാസ്റ്റർ എം.പി. കേന്ദ്രസഹമന്ത്രി ജോർജ്ജ് കുര്യൻ,എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി,
കേരള പ്രഭാരി പ്രകാശ് ജാവദേക്കർ,മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ,വി.മുരളീധരൻ,സി.കെ.പത്മനാഭൻ,കെ.സുരേന്ദ്രൻ,ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടി,സംസ്ഥാന നേതാക്കളായ കെ.സോമൻ, ഷോൺ ജോർജ്ജ്, എം.ടി.രമേശ്, എസ്.സുരേഷ്, ശ്രീലേഖ,ഡെപ്യൂട്ടിമേയർ ജി.എസ്.ആശാനാഥ്,സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ തുടങ്ങിയവരും പാർട്ടി ജില്ലാപ്രസിഡന്റുമാരും സംസ്ഥാന സമിതിയംഗങ്ങളും കോർപറേഷൻ കൗൺസിലർമാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |