
തിരുവനന്തപുരം: മാർച്ചിൽ ചെന്നൈയിൽ നടക്കുന്ന സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ശിവഗിരി മഠം. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വീരേശ്വരാനന്ദ, കണ്ണൻ രവി എന്നിവരാണ് മോദിയെ കണ്ടത്. ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു. ഔദ്യോഗിക അറിയിപ്പ് പിന്നീടുണ്ടാവും. മഹാസമാധിയുടെ പശ്ചാത്തലത്തിൽ ഗുരുദേവ ചിത്രം ആലേഖനം ചെയ്ത, തടിയിൽ തീർത്ത ശിൽപ്പം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ഷാളണിയിച്ചു.
സ്വദേശി ദർശൻ പദ്ധതിയിലെ വികസന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സന്യാസിമാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, കുന്നുംപാറ എന്നിവിടങ്ങളിലേക്ക് 69കോടി രൂപയാണ് സ്വദേശി ദർശൻ പദ്ധതിയിൽ കേന്ദ്രം അനുവദിച്ചത്. എന്നാൽ കരാറുകാരും ഐ.ടി.ഡി.സിയുമായുള്ള തർക്കം കാരണം പദ്ധതി ഇതുവരെ പൂർത്തിയായില്ല. പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേന്ദ്രഫണ്ട് പൂർണമായി വിനിയോഗിക്കണമെന്നും സന്യാസിമാർ ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ശിവഗിരി സന്യാസിമാരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ
പങ്കുവച്ചു. ''വർക്കല ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റുമായി ബന്ധപ്പെട്ട സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. സാമൂഹ്യസേവനം, വിദ്യാഭ്യാസം, ആത്മീയത, സാമൂഹ്യക്ഷേമം എന്നീ മേഖലകളിൽ അവർ നടത്തുന്ന അർപ്പണബോധമുള്ള പ്രവർത്തനങ്ങൾ നമ്മുടെ സാമൂഹ്യഘടനയ്ക്ക് അനശ്വരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ കാലാതീതമായ ആദർശങ്ങളിൽ വേരൂന്നിയ അവരുടെ പരിശ്രമങ്ങൾ, സമൂഹത്തിലുടനീളം സമത്വവും ഐക്യവും അന്തസ്സും നിരന്തരം പ്രോത്സാഹിപ്പിക്കുകയാണ്.''- മോദി എക്സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |