
തിരിമറി 46 ലക്ഷം രൂപയിൽ വെളിപ്പെടുത്തിയത് വി.കുഞ്ഞികൃഷ്ണൻ
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ സി.പി.എം പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനൻ അടക്കമുള്ളവർ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയുമായ വി.കുഞ്ഞികൃഷ്ണൻ. തെളിവുകൾ പാർട്ടിക്കുമുന്നിൽ വച്ചെങ്കിലും നടപടിയെടുക്കാതെ തട്ടിപ്പ് മൂടിവച്ചെന്ന് കുഞ്ഞികൃഷ്ണൻ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇക്കാര്യം അറിയാമെന്നും വെളിപ്പെടുത്തി. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും പറഞ്ഞിരുന്നു. 2016 ജൂലായ് 11ന് ധനരാജ് കൊല്ലപ്പെട്ടതിന് പിന്നാലെ ഫണ്ടായി ഒരു കോടിയോളം രൂപ ശേഖരിച്ചു. കുടുംബത്തിന് വീട് നിർമ്മിച്ചു നൽകലും കേസ് നടത്തലുമായിരുന്നു ഉദ്ദേശ്യം.
2021വരെ കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020ൽ ഏരിയ സെക്രട്ടറിയായ താൻ ആവർത്തിച്ച് ചോദിച്ചെങ്കിലും ലഭിച്ചില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ തന്നെ ചുമതലപ്പെടുത്തിയപ്പോഴാണ് വിചിത്രമായ കണക്കുകൾ കണ്ടെത്തിയത്. വീട് നിർമ്മാണത്തിന് 34.75 ലക്ഷത്തിന്റെ ചെക്ക് നൽകിയെന്നായിരുന്നു കണക്ക്. എന്നാൽ, ചെക്ക് പരിശോധിച്ചപ്പോൾ 29.75 ലക്ഷം രൂപ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും അഞ്ചുലക്ഷം അന്നത്തെ ഏരിയ സെക്രട്ടറി കെ.പി.മധുവിന്റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി.
രണ്ട് ലക്ഷം രൂപയുടെ കണക്ക് സൂചനയൊന്നുമില്ലാതെ കാണിച്ചിരുന്നു. ഇതും ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. ഏരിയ കമ്മിറ്റിയുടെ കെട്ടിട നിർമ്മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നും പറയുന്നു. എന്നാൽ, കെട്ടിടം പണിക്കുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു. രക്തസാക്ഷി ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. കെട്ടിട നിർമ്മാണ ഫണ്ടില്‍ പിരിവിനുള്ള രസീതിൽ എം.എൽ.എ തിരിമറി നടത്തി. വ്യാജ രസീത് പ്രിന്റ് ചെയ്യിച്ചുവെന്നും ആരോപിച്ചു.
'പാർട്ടിക്കുള്ളിൽ
പൊരുതി തോറ്റു"
തെളിവുകൾ പാർട്ടിക്ക് മുന്നിൽവച്ച തന്നെ ശാസിച്ച് നിശബ്ദനാക്കാൻ ശ്രമിച്ചു. പാർട്ടിക്കുള്ളിൽ പൊരുതി തോറ്റിട്ടാണ് തുറന്നുപറച്ചിലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ പുസ്തകം ഉടൻ പുറത്തിറങ്ങും. പരിഹരിച്ചുവെന്ന് നേരത്തെ സി.പി.എം അവകാശപ്പെട്ട പയ്യന്നൂരിലെ വിഷയങ്ങൾ വീണ്ടും ചർച്ചയാകുന്നതിന് ഇടയാക്കുന്നതാണ് പുസ്തകത്തിലെ ഉള്ളടക്കമെന്നാണ് സൂചന.
മുമ്പും വിവാദം
രക്തസാക്ഷി ഫണ്ട് വിനിയോഗം നേരത്തെതന്നെ വിവാദമായിരുന്നു. ഫണ്ടിൽനിന്ന് നയാപൈസപോലും ആരും അപഹരിച്ചിട്ടില്ലെന്ന് അന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം പാർട്ടിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. 2016 ജൂലായ് 11ന് രാമന്തളി സ്വദേശിയായ സി.വി.ധനരാജിനെ (38) വീടിന്റെ ഉമ്മറത്തുവച്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജിന്റെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ബി.എം.എസ് പ്രവർത്തകനായ സി.കെ.രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു.
പാർട്ടി നടപടിയെടുത്താലും ഭയമില്ല. തന്നെ ആക്രമിക്കുമെന്ന് ചിലർ മുന്നറിയിപ്പ് നൽകി. തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പുസ്തകത്തിന് അനുമതി ചോദിക്കാതിരുന്നത്.സി.പി.എം വിട്ട് മറ്റൊരു പാർട്ടിയിലേക്കും പോകില്ല.
വി.കുഞ്ഞികൃഷ്ണൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |