പച്ചപ്പിൽ നിറഞ്ഞ് മലപ്പുറം
മലപ്പുറം: മലപ്പുറം ജില്ലയിലെ 16 സീറ്റും യു.ഡി.എഫ് തൂക്കി. 12 സീറ്റിൽ മുസ്‌ലിം ലീഗും നാലിടത്ത് കോൺഗ്രസും വിജയിച്ചു. ആറിടങ്ങളിൽ അര ലക്ഷത്തിന് മുകളിലാണ് ഭൂരിപക്ഷം. ഒരിടത്തും മത്സരം കനപ്പിക്കാൻ എൽ.ഡി.എഫിനായില്ല.
2021ൽ നാല് സീറ്റ് നേടിയ എൽ.ഡി.എഫ് ഇത്തവണ സംപൂജ്യരായി. തിരൂരിൽ മന്ത്രി വി.അബ്ദുറഹ്മാൻ 24,137 വോട്ടിന് ലീഗിന്റെ കുറുക്കോളി മൊയ്തീനോട് പരാജയപ്പെട്ടു. സിറ്റിംഗ് സീറ്റായ താനൂരിലേക്ക് നിയോഗിച്ചപ്പോൾ പ്രചാരണത്തിന് ഇറങ്ങാതെ സി.പി.എമ്മിനെ സമ്മർദ്ദത്തിലാക്കിയാണ് അബ്ദുറഹ്മാൻ തിരൂരിലേക്ക് കളം മാറിയത്. മലപ്പുറത്തെ ചെങ്കോട്ടയായ പൊന്നാനിയിൽ മുൻ പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ 13,267 വോട്ടിനും,മൂന്നു തവണ വിജയിച്ച തവനൂരിൽ കെ.ടി.ജലീൽ 14,647 വോട്ടിനും പരാജയപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേരിൽ കുറിക്കപ്പെട്ടു. കഴിഞ്ഞ തവണ 38 വോട്ടിന് വിജയിച്ച പെരിന്തൽമണ്ണയിൽ ഇത്തവണ 32,431 വോട്ടിന്റെ ഭൂരിപക്ഷവുമായി ലീഗിന്റെ നജീബ് കാന്തപുരം ഞെട്ടിച്ചു. നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 54,851.
2021ൽ പൊന്നാനി, തവനൂർ, താനൂർ, നിലമ്പൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫ് വിജയിച്ചിരുന്നു. അന്ന് പൊന്നാനിയിൽ ഒഴികെ മൂന്നിടത്തും ഇടതുസ്വതന്ത്രരായിരുന്നു മത്സരിച്ചത്. ഇത്തവണ നാലിടത്ത് സ്വതന്ത്രരെ രംഗത്തിറക്കിയെങ്കിലും പരീക്ഷണം പാളി. പി.വി.അൻവർ യു.ഡി.എഫിൽ എത്തിയതോടെ ഉപതിരഞ്ഞടുപ്പിലൂടെ നിലമ്പൂർ കോൺഗ്രസ് തിരിച്ചുപിടിച്ചിരുന്നു. വി.അബ്ദുറഹ്മാന്റെ കളംമാറ്റത്തോടെ താനൂരിലും പ്രതീക്ഷയർപ്പിച്ചിരുന്നില്ല. പൊന്നാനിയിലും തവനൂരിലും വിജയിക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം. ഈ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചെടുത്തു.
ആകെ സീറ്റ്-16
2026
ആകെ സീറ്റ്- 16
എൽ.ഡി.എഫ്-0
യു.ഡി.എഫ്- 16
എൻ.ഡി.എ-0
2021
എൽ.ഡി.എഫ്-4
യു.ഡി.എഫ്-12
എൻ.ഡി.എ-0