'മുടിയനായ പുത്രൻ' പരാമർശം ബൈബിൾ വാക്യം കടമെടുത്തത്: അപു ജോൺ ജോസഫ്

Monday 11 May 2026 1:00 AM IST

തൊടുപുഴ: കേരള കോൺഗ്രസ് (എം)നെ സ്വാഗതം ചെയ്തപ്പോൾ മുടിയനായ പുത്രൻ എന്ന പരാമർശത്തിൽ വിശദീകരണവുമായി നിയുക്ത തൊടുപുഴ എം.എൽ.എയും കേരളാ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററുമായ അപു ജോൺ ജോസഫ്. കേരളാ കോൺഗ്രസ് (എം) തിരിച്ചുവന്നാൽ സ്വീകരിക്കുമെന്ന് പറഞ്ഞത് ആത്മാർഥതയോടെയാണ്. അവരെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസ്താവനയിൽ സ്വീകരിക്കുമെന്നതിന് ബൈബിളിലെ ഒരു ഉപമ പ്രയോഗിച്ചത് വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുകയാണെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കിവരവേറ്റതുപോലെ സ്വീകരിക്കുമെന്നായിരുന്നു അപു നടത്തിയ പരാമർശം. കേരളാകോൺഗ്രസ് എന്നത് ഒരു വികാരമാണ്. ആ പാർട്ടി നശിച്ചുപോകുന്നത് നമ്മുടെ രാഷ്ട്രീയ സന്തുലിതാവസ്ഥയ്ക്ക് ചേർന്നതല്ല. ആരോഗ്യകരമായ ഒരു രാഷ്ട്രീയപരിസ്ഥിതി കേരളത്തിലുണ്ടാകണമെങ്കിൽ തുല്യശക്തികൾ എതിർത്തുനിൽക്കുന്നതിലേക്ക് തിരിച്ചുവരണമെന്നും അപു പറഞ്ഞു.