'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, ഇനിയും മതിയായില്ലേ'
□മാദ്ധ്യമങ്ങളോട് കെ.സി.വേണുഗോപാൽ
തിരുവന്തപുരം: 'ഒരുപാട് പിച്ചിച്ചീന്തിയില്ലേ .ഇനിയും മതിയായില്ലേ...ചീന്താനുള്ളതൊക്കെ ചീന്തി എടുത്തില്ലേ?' - മുഖ്യമന്ത്രിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ വച്ചാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. 'പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളൊക്കെ രമ്യമായി പരിഹരിക്കും.കഴിവും യോഗ്യതയും നോക്കി മന്ത്രിസഭയിൽ നല്ല മന്ത്രിമാരുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ കോൺഗ്രസിൽ സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ടുപോകും. കെ.സി പക്ഷമെന്നുള്ളത് മാദ്ധ്യമങ്ങൾക്ക് തോന്നുന്നതാണ്. അങ്ങനെ പക്ഷമൊന്നും വേണ്ട'- വേണുഗോപാൽ പറഞ്ഞു. വിമാനത്താവളത്തിൽ നേതാക്കളുടേയും പ്രവർത്തകരുടേയും വൻ വരവേൽപ്പാണ് ലഭിച്ചത്. കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ്, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എം.ലിജു, മുൻ മന്ത്രി വി.എസ് ശിവകുമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. തടിച്ചു കൂടിയ പ്രവർത്തകർ കെ.സിക്ക് അനുകൂലമായ മുദ്രാവാക്യം മുഴക്കിയാണ് സ്വീകരിച്ചത്.