മഞ്ചാടിക്കുരു മാലകൾക്ക് ലക്ഷങ്ങളുടെ മണികിലുക്കം, ശ്രീദേവിയുടെ സംരംഭം ഹിറ്റ്
കൊച്ചി: വീടിന്റെ മുറ്റത്ത് വീണുകിടന്ന മഞ്ചാടിക്കുരുവിൽ ഭാവനയുടെ നൂല് കോർത്ത് തലശേരി സ്വദേശി ശ്രീദേവി (25) കൗതുകത്തിന് തീർത്ത ആഭരണങ്ങൾക്ക് ഇന്ന് കടൽ കടന്നും ഡിമാൻഡ്. വിവിധ ഡിസൈനുകളിലുള്ള മഞ്ചാടിക്കുരു മാലകൾക്കും പാദസരങ്ങൾക്കുമൊക്കെ ഓസ്ട്രേലിയയിലും കാനഡയിലും വരെയാണ് ആവശ്യക്കാർ. കഴിഞ്ഞ വിഷു-ഓണ സീസണിലുമായി ലഭിച്ചത് രണ്ടര ലക്ഷം രൂപയുടെ ലാഭം. 'കൗസ്തുഭ' എന്ന ശ്രീദേവിയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചതോടെയാണ് ഹിറ്റായത്.
രണ്ട് വർഷം മുമ്പ് വിഷുക്കാലത്തായിരുന്നു തുടക്കം. വീട്ടിലുണ്ടായിരുന്ന ഡ്രില്ലിംഗ് മെഷീനിൽ മഞ്ചാടിക്കുരുക്കൾ തുളച്ചെടുത്തായിരുന്നു ആഭരണം നിർമ്മിച്ചത്. 'ഡ്രില്ലിംഗ് മെഷീനിൽ കൊച്ചു മഞ്ചാടിക്കുരു ഒതുങ്ങില്ല,പലപ്പോഴും കൈമുറിയും. മൂന്ന് ദിവസം കഷ്ടപ്പെട്ടാണ് അന്ന് ഒരു മാല പൂർത്തിയാക്കിയത്' ശ്രീദേവി പറഞ്ഞു. ആ മാലയണിഞ്ഞ് ഇൻസ്റ്റഗ്രാമിൽ റീൽ ഇട്ടു. അവിശ്വസനീയമായിരുന്നു പ്രതികരണം. 'ഇത് വിൽക്കാനുണ്ടോ?' എന്ന ചോദ്യത്തിൽ നിന്നാണ് ബിസിനസ് ചിന്തയുദിക്കുന്നത്.
ഭർത്താവ് അമൽജിത്തും ഒപ്പം കൂടി. പുത്തൻ ഡിസൈനുകൾക്ക് മികവു നൽകാൻ സഹോദരൻ ശ്രീലേഷുമുണ്ട്. പല ഡിസൈനുകളും ശ്രീലേഷിന്റെ കണ്ടെത്തലാണ്. ശ്രീദേവിയുടെ വീട്ടുപേരാണ് 'കൗസ്തുഭ'. പിന്നീടാണ് മഹാവിഷ്ണു മാറിൽ അണിയുന്ന മാലയുടെ പേരാണിതെന്ന് അറിഞ്ഞത്. ഇത് ദൈവനിശ്ചയമായി ശ്രീദേവി വിശ്വസിക്കുന്നു.
200 രൂപ മുതൽ
200 രൂപയുടെ പാദസരങ്ങളടക്കം തയ്യാറാക്കുന്നുണ്ട്. വിവിധ ആഭരണങ്ങൾക്ക് ലക്ഷങ്ങളുടെ ബൾക്ക് ഓർഡറുകൾ ലഭിക്കുന്നു. മഞ്ചാടിക്കുരുവിന് പുറമേ കുന്നിക്കുരു,ടെറാകോട്ട,ചിലങ്കകൾ എന്നിവ കൊണ്ടും ആഭരണങ്ങൾ നിർമ്മിക്കുന്നു.
യൂട്യൂബിൽ വിദേശികൾ പലതരം വിത്തുകൾ കൊണ്ട് ആഭരണം നിർമ്മിക്കുന്നത് കണ്ടപ്പോഴാണ് മഞ്ചാടിയുടെ മൂല്യം തിരിച്ചറിഞ്ഞത്.
-ശ്രീദേവി