ചലച്ചിത്ര അക്കാഡമിക്കും കെ.എസ്.എഫ്.ഡി.സിക്കും പുതിയ മേധാവികളെത്തും
റസൂൽ പൂക്കുട്ടി രാജിവച്ചു
രാജിവയ്ക്കാതെ കെ.മധു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമിക്കും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനും പുതിയ ചെയർപേഴ്സൺമാർ എത്തും.
ദേശീയ അവാർഡ് ജേതാവായ നടൻ സലിംകുമാർ, സംവിധായകരായ ദീപു കരുണാകരൻ, ജോഷി മാത്യു എന്നിവരാണ് സർക്കാരിന്റെ പരിഗണനയിലുളളത്. 2021ൽ കോൺഗ്രസിന്റെ പത്തനാപുരം സ്ഥാനാർത്ഥികൂടിയായിരുന്ന നടൻ ജഗദീഷിന്റെ പേര് പരിഗണിക്കുന്നതായി കേട്ടിരുന്നെങ്കിലും അദ്ദേഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് അനുഭാവം എന്നും പരസ്യമാക്കിയിട്ടുള്ള നടൻ സലിംകുമാർ ഇത്തവണയും പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രൊഫഷണൽ കോൺഗ്രസ് തലപ്പത്തുള്ള സംവിധായകനാണ് ദീപു കരുണാകരൻ. ഇവർ രണ്ടു പേരുമാണ് പരിഗണനയിൽ മുന്നിലുള്ളതെന്നാണ് അറിയുന്നത്.
സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവച്ചിരുന്നു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും രാജിവച്ചു. സെക്രട്ടറി പി.ആർ.ഡി ഉദ്യോഗസ്ഥൻ സി.അജോയിയെ തൃശൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.
സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും രാജിവച്ചു. ഈ പദവിയിലേക്ക് ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന പ്രേംകുമാറിന്റെ പേരും പരിഗണനയിലുണ്ട്. ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സണായി നടി പ്രിയങ്കാനായർ ഉൾപ്പെടെയുളളവരെയാണ് പരിഗണിക്കുന്നത്.
സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിതരായ എല്ലാവരും രാജിവച്ചെങ്കിലും കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധു രാജിവച്ചിട്ടില്ല.
ചലച്ചിത്ര മേളയിലെ സ്ഥിരം പ്രേക്ഷകൻ കൂടിയാണ് സിനിമാ സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. മുഖ്യമന്ത്രി വി.ഡി.സതീശന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.