സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് ശിവരാമൻ

Wednesday 27 May 2026 12:22 AM IST

തൊടുപുഴ: പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 56 വർഷത്തെ സജീവരാഷ്ട്രീയം അവസാനിപ്പിച്ച് മുതിർന്ന സി.പി.ഐ നേതാവ് കെ.കെ. ശിവരാമൻ. പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന മാദ്ധ്യമങ്ങളിൽ കണ്ടെന്നും രേഖാമൂലം അറിയിച്ചിട്ടില്ലെന്നും ശിവരാമൻ പറഞ്ഞു. പാർട്ടി അംഗത്വത്തിൽ തുടരാനുള്ള ഔദാര്യം തന്നോട് കാണിച്ചിട്ടുണ്ട്. ആ ഔദാര്യം വേണ്ട.

അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന പാർട്ടി ഘടകത്തിൽ മെമ്പറായി തുടരുക എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിനും അത് അപമാനകരമായിരിക്കും. സജീവ രാഷ്ട്രീയ പ്രവ‌ർത്തനം അവസാനിപ്പിക്കുകയാണ്. ഇടതുമുന്നണിക്ക് പ്രതിരോധമുണ്ടാക്കുന്ന ഒരു പ്രസ്താവനയും താൻ കൊടുക്കാറില്ല. തനിക്കെതിരായ വാർത്തകൾ അവാസ്തവമാണ്. പീരുമേട് മണ്ഡലത്തിലെ പരാജയകാരണം സ്ഥാനാർത്ഥി തന്നെയാണെന്നും ശിവരാമൻ ആവർത്തിച്ചു.

16 വർഷം സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ശിവരാമൻ ഇടുക്കി ജില്ലയിലെ പാർട്ടിയുടെ മുഖമായിരുന്നു. പീരുമേട്ടിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയായ ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെതിരെ രൂക്ഷ വിമർശനം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ് ചേർന്ന് ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ജില്ലാ കൗൺസിലിൽ നിന്നും ശിവരാമനെ പുറത്താക്കുകയായിരുന്നു.