പൊലീസിൽ അഴിച്ചുപണി, ഇടതുനേതാവിന് വയനാട്
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പൊലീസിലെ ഇടത് സംഘടനാ നേതാവിനടക്കം സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പിയായ ഡി.കെ പൃഥിരാജിനെ വയനാട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. പൊലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ്.
കന്റോൺമെന്റ് അസി.കമ്മിഷണർ ജി.അജയ്നാഥിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റി. പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം അദ്ദേഹം അവധിയിലായിരുന്നു. കൊല്ലം റൂറലിലെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായ വി.ജയചന്ദ്രനെ കന്റോൺമെന്റ് എ.സി.പിയാക്കി. വയനാട് ക്രൈംബ്രാഞ്ചിൽ നിന്ന് ദിനേശ് കോറോത്തിനെ കൊല്ലം റൂറൽ നാർകോട്ടിക് സെല്ലിലേക്ക് മാറ്റി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിനെയും സെക്രട്ടറി സി.ആർ. ബിജുവിനെയും കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ മ്യൂസിയം സി.ഐയായ പ്രശാന്തിന് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. പൊലീസ് സേനയിലെ ഇടത് അനുകൂല നേതാക്കളാണ് ബിജുവും പ്രശാന്തും പൃഥിരാജും. ബറ്റാലിയനുകളിലെ നാല് ഇൻസ്പെക്ടർമാർക്ക്
അസി. കമൻഡാന്റുമാരായി സ്ഥാനക്കയറ്റം നൽകി. കെ.രാധാകൃഷ്ണൻ, എൻ.ബിജു, എൻ.വി അഗസ്റ്റിൻ, എൻ.ബാബു പ്രദീപ് എന്നിവർക്കാണ് സ്ഥാനക്കയറ്റം.
തലസ്ഥാന ഡി.സി.പി
സി.ബി.ഐയിലേക്ക്
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം നടത്തിയ പ്രതികളെ പിടികൂടാൻ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ സിറ്റി പൊലീസിലെ ഡി.സി.പി തപോഷ് ബസുമതാരി സി.ബി.ഐയിലേക്ക് പോവുന്നു. സി.ബി.ഐയിൽ കേന്ദ്രഡെപ്യൂട്ടേഷനിൽ പോവാൻ അനുമതിയായിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായ എച്ച്.വെങ്കടേശ് അടക്കമുള്ള ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ മാറ്റുമെന്നാണ് സൂചന. പി.വിജയനോ ദിനേന്ദ്ര കശ്യപോ ക്രമസമാധാന ചുമതലയിലെത്തിയേക്കും. വെങ്കടേശിനെ ബറ്റാലിയനിലേക്കോ ക്രൈംബ്രാഞ്ചിലേക്കോ മാറ്റാനിടയുണ്ട്.
പൊലീസിലെ 13 എസ്.പിമാർ വിരമിച്ചു
തിരുവനന്തപുരം: അഞ്ച് ഐ.പി.എസുകാരടക്കം പൊലീസിലെ 13 എസ്.പിമാർ വിരമിച്ചു. ഐ.പി.എസുദ്യോഗസ്ഥരായ കെ.വി സന്തോഷ്,കെ.എസ്.ഗോപകുമാർ,കെ.എൽ. ജോൺകുട്ടി,ആർ.മഹേഷ്, എ.ഷാനവാസ് എന്നിവരും നോൺ ഐ.പി.എസ് എസ്.പിമാരായ കെ.പി അബ്ദുൽ റസാഖ്,പി.എം. പ്രദീപ്,പ്രദീപ് എൻ വാൽസ്,ജെ.സലിംകുമാർ,സി.വിനോദ്,വിനോദ് പിള്ള,അബ്ദുൾ വഹാബ്,എം.കൃഷ്ണൻ എന്നിവരാണ് വിരമിച്ചത്. ഇവർക്ക് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി എസ്.ഐ റാങ്ക് ലിസ്റ്റിൽ നിന്ന് ഉടൻ നിയമനം
തിരുവനന്തപുരം: ജൂൺ 9ന് കാലാവധി തീരുന്ന എസ്.ഐ റാങ്ക് ലിസ്റ്റിലുള്ള 43 പേർക്ക് ഉടൻ നിയമനം നൽകാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.2025 ജൂൺ 9ന് പ്രസിദ്ധീകരിച്ച സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2026 ജൂൺ 9നാണ് അവസാനിക്കുന്നത്. മന്ത്രിസഭായോഗ തീരുമാനപ്രകാരം നൂറിലേറെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികയ്ക്ക് ബാധകമായിരുന്നില്ല. ഇതോടെ ഉദ്യോഗാർത്ഥികൾ ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി.തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നും റാങ്ക് പട്ടികയിലുള്ളവർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി നിർദ്ദേശിച്ചത്.