ശബരിമല സ്വർണക്കൊള്ള: ശാസ്ത്രീയ പരിശോധന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ

Sunday 31 May 2026 1:30 AM IST

കൊല്ലം: ശബരിമല ശ്രീകോവിലിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ മെറ്റലർജിക്കൽ ലാബിന്റെ പരിശോധന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം മുദ്രവച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കവർന്ന സ്വർണത്തിന്റെ അളവ് കൃത്യമായി കണക്കാക്കാൻ ശബരില ശ്രീകോവിലിലെ ദ്വാരപാലക ശില്പം, കട്ടിളപ്പാളി, പീഠങ്ങൾ എന്നിവയിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകളുടെ ഫലമടങ്ങിയ ആദ്യഘട്ട റിപ്പോർട്ടാണ് കോടതിയിലെത്തിയത്.

റിപ്പോർട്ടിൽ സങ്കീർണമായ ശാസ്ത്രീയ വിവരങ്ങളാണുള്ളത്. പ്രത്യേക അന്വേഷണ സംഘം വിദഗ്ദ്ധരുടെ സഹായത്തോടെ റിപ്പോർട്ട് വിലയിരുത്തുമ്പോഴേ സ്വർണക്കൊള്ളയുടെ ആഴം വ്യക്തമാവൂവെന്നാണ് വിവരം. ദ്വാരപാലക ശില്പം, കട്ടിളപ്പാളി തുടങ്ങിയവയിൽ വിവിധ ഘട്ടങ്ങളിൽ പൂശിയ സ്വർണത്തിന്റെ അളവ് കൃത്യമായി മനസിലാക്കാനുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. വിലയിരുത്തൽ റിപ്പോർട്ട് എസ്.ഐ.ടി ഹൈക്കോടതിയിലും കൊല്ലം വിജിലൻസ് കോടതിയിലും സമർപ്പിക്കും.

കവർന്ന സ്വർണത്തിന്റെ അളവ് കൃത്യമായി വ്യക്തമാകാത്തതുകൊണ്ടാണ് എസ്.ഐ.ടി ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലെ കുറ്റപത്രം സമർപ്പിക്കാതിരുന്നത്. മെറ്റലർജിക്കൽ ലാബിൽ നിന്ന് ചില സാമ്പിളുകളുടെ കൂടി ഫലം വരുന്നതോടെ കവർന്ന സ്വർണത്തിന്റെ കൃത്യമായ അളവ് വ്യക്തമാകും. ഇതോടെ കുറ്റപത്രം അന്തിമമാക്കി രണ്ട് കേസുകളിലും സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി തേടും. ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.

ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയി സ്വർണം പൂശിയ ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം വി.എസ്.എസ്.സി നേരത്തെ നടത്തിയ പരിശോധനയിൽ നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി കണക്കാക്കാനായിരുന്നില്ല. നാലുമാസം മുമ്പാണ് ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. അതേസമയം നിലവിലെ എസ്.ഐ.ടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഹൈക്കോടതി നിയോഗിച്ച സംഘമായതിനാൽ സർക്കാരിന് ഇടപെടാനാകില്ല. നിയമവശങ്ങൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.