കിഫ്ബി സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് #കേന്ദ്രവുമായി ഏറ്റുമുട്ടില്ല

Sunday 31 May 2026 1:54 AM IST

തിരുവനന്തപുരം: കിഫ്ബിയെ ചൊല്ലി കേന്ദ്രസർക്കാരുമായും സി.എ.ജിയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സർക്കാർ ആലോചന. കേന്ദ്രവും സി.എ.ജിയും ആവശ്യപ്പെട്ടതുപോലെ കിഫ്ബി ചെലവ് ബഡ്ജറ്റിന്റെ ഭാഗമാവും.

ഇതുവരെ കിഫ്ബി ഒരു സ്വതന്ത്രസാമ്രാജ്യം എന്ന നിലയിൽ ആരുടേയും നിയന്ത്രണമില്ലാതെയാണ് പ്രവർത്തിച്ചത്. അത് മാറ്റി സർക്കാരിന്റെ പൂർണ്ണമായ നിയന്ത്രണം കൊണ്ടുവരും.വരുമാനമില്ലാത്ത നിർമ്മാണ പദ്ധതികൾ ഏറ്റെടുക്കില്ല. ടോൾ പിരിക്കാൻ കഴിയുന്ന റോഡും പാലവും വരുമാനം ലഭിക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ അനുവാദം നൽകും.

ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ വരുമാനവർദ്ധന ഉണ്ടാകുന്ന തരത്തിലേക്ക് കിഫ്ബിയെ അടിമുടി പരിഷ്ക്കരിക്കാനുള്ള മാർഗ്ഗങ്ങൾ തയ്യാറാക്കാൻ നിർദ്ദേശിച്ചു.

കിഫ്ബിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓഡിറ്റ് ചെയ്യും. ഭാവിയിൽ ഉണ്ടാകാനിടയുള്ള ബാധ്യതകൾ പൂർണ്ണമായും നിർണ്ണയിക്കും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാൻ ഇടയാക്കുന്ന തരത്തിലുള്ള കിഫ്ബിയുടെ ധനസമാഹരണത്തോട് യു.ഡി.എഫ് സർക്കാരിന് യോജിപ്പില്ല.

കിഫ്ബി പ്രവർത്തനം എങ്ങനെ മാറ്റണമെന്ന് വിദഗ്ധ സമിതി പഠിക്കും.കിഫ്ബിയെ സംബന്ധിച്ച് പ്രത്യേക ധവളപത്രം തയ്യാറാക്കും. ഇതും സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത.

അടുത്ത 5 വർഷം 16,600 കോടിയാണ് കിഫ്ബി കടം തിരിച്ചടയക്കേണ്ടത്. കിഫ്ബി പണം എൽ.ഡി.എഫ് സർക്കാരിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ കടുത്ത വിമർശനം യു.ഡി.എഫ് ഉയർത്തിയിരുന്നു. ജീവനക്കാർക്ക് വൻ തുക അലവൻസ് നൽകുന്നുവെന്നാണ് യുഡിഎഫ് സർക്കാർ വിലിയിരുത്തൽ. അലവൻസ് വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്. ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം രാജി വെച്ചിരുന്നു. അഡിഷണൽ ഡയറക്ടറായ മിനി ആന്റണിക്കാണ് നിലവിൽ സി.ഇ.ഒയുടെ താൽക്കാലിക ചുമതല. 2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്‌.