'ജനങ്ങളുടെ പൾസ് മനസിലാക്കിയില്ല, സിപിഎം വോട്ടുകൾ പാർട്ടി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ല ': പഴിച്ച് കേരള കോൺഗ്രസ് എം

Saturday 09 May 2026 3:27 PM IST

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി കേരള കോൺഗ്രസ് എം. ജനങ്ങളുടെ പൾസ് മനസിലാക്കാൻ എൽഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സിപിഎം നേതാക്കളുടെ ഇടപെടൽ ജനകീയമായിരുന്നില്ലെന്നുമാണ് കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ വിമർശനം.

സിപിഎമ്മിനുണ്ടായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ മുന്നണിക്ക് ആകെ ദോഷമായതെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. മത്സരിച്ച എല്ലാ സീറ്റുകളിലും തോറ്റതിന്റെ കാരണങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യുകയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. ചിലയിടങ്ങളിൽ സിപിഎം വോട്ടുകൾ കേരള കോൺഗ്രസ് എം സ്ഥാനാർഥികൾക്ക് ലഭിച്ചില്ലെന്നും മുന്നണി മാറ്റത്തിനുള്ള അവസരം നേതൃത്വം ഇല്ലാതാക്കിയെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് യോഗത്തിനു മുൻപ് ജോസ് കെ മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു. കനത്ത തോൽവി സംഭവിച്ചെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗത്തിന്റെ തുടക്കത്തിൽ തന്നെ ജോസ് കെ മാണി അഭ്യർത്ഥിച്ചു. പരസ്യ പ്രസ്താവനകൾ നടത്തി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കരുതെന്നും ജോസ് കെ മാണി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനകത്ത് സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പൊളിറ്റ് ബ്യൂറോ യോഗത്തിനായി പിണറായി വിജയനും എം.വി ഗോവിന്ദനും ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. നാളെ ചേരുന്ന പിബി യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം അവതരിപ്പിക്കും. പിണറായി വിജയൻ തന്നെ പ്രതിപക്ഷനേതാവ് ആകുമോ എന്നതിലുൾപ്പെടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.