ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുന്നു , വികസന രംഗത്ത് വഴിത്തിരിവായി കിഫ്ബി

Thursday 07 May 2026 12:52 AM IST

തിരുവനന്തപുരം. കെ.എം. എബ്രഹാം കിഫ്ബിയുടെ സാരഥ്യമൊഴിയുമ്പോൾ ഒരു ലക്ഷം കോടിയോളം രൂപയുടെ 1237 പദ്ധതികളാണ് കേരളത്തിൽ പുരോ​ഗമിക്കുന്നത്. ഇതിൽ 41,000 കോടിയിലേറെ രൂപ പദ്ധതികളുടെ നിർമ്മാണത്തിനായി വിനിയോ​ഗിക്കാനായി. ഈ പദ്ധതികളെല്ലാം പൂർത്തിയായാൽ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിൽ വൻ കുതിപ്പുണ്ടാകും.

അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം കഴിഞ്ഞ പത്തുവർഷങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെ പ്രധാന ചാലകശക്തിയായി പ്രവർത്തിച്ചത് കിഫ്ബിയായിരുന്നു .

പൊതുവിദ്യാഭ്യാസം, ആരോ​ഗ്യം, റോഡുകൾ, പാലങ്ങൾ അടക്കമുള്ള മേഖലകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതിനായി കിഫ്ബി എന്ന സംവിധാനത്തെ പൊടിതട്ടിയെടുത്ത് കെ.എം.എബ്രഹാം എന്ന പ്രൊഫഷണൽ മികവുള്ള ഐ.എ.എസ് ഉദ്യോ​ഗസ്ഥനെ ഏൽപ്പിച്ചു എന്നത് സർക്കാരിന്റെ മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു .

പബ്ലിക് അഡ്മിനിസ്ട്രേഷന് പുറമേ ഫിനാൻസ്,എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലെല്ലാം മികച്ച അക്കാഡമിക് യോ​ഗ്യതകളും സെബി പോലെയുള്ള സ്ഥാപനങ്ങളിലടക്കം പ്രവർത്തനപരിചയവും എബ്രഹാമിനുണ്ട്. ആ വൈദഗ്ധ്യം കിഫ്ബിയെ ഫലപ്രദമായി ഉപയോ​ഗപ്പെടുത്തുന്നതിൽ വിജയിച്ചു. ആ തീരുമാനം ശരിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞ ദിവസം കിഫ്ബി സി.ഇ.ഒ സ്ഥാനമൊഴിയുന്നതുവരെ എബ്രഹാമിനായി. ‍

ദൗർബല്യങ്ങൾ പരി​ഹരിച്ച് കിഫ്ബിയെ ശാക്തീകരിക്കാൻ കിഫ്ബി ആക്ട് ഭേദ​ഗതി ചെയ്യുകയായിരുന്നു ആദ്യമായി ചെയ്തത്. 2016ൽ ആദ്യ പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള പ്രധാനനീക്കങ്ങളിൽ ഒന്നായിരുന്നു അത്. ഇതോടെ പെട്രോളിയം സെസും മോട്ടോർ വാഹ​ന നികുതിയും അടക്കമുള്ള വരുമാന സ്രോതസുകൾ സർക്കാരിൽ നിന്ന് ഉറപ്പാക്കിയെടുക്കാൻ കഴിഞ്ഞു. പിന്നീട് കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റമാണ് കിഫ്ബി കൊണ്ടുവന്നത്.

കിഫ്ബി നേട്ടങ്ങൾ

പൊതുവിദ്യാലയങ്ങളുടെ ഭൗതികസൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായി. നാൽപത്തയ്യായിരം സ്മാർട്ട് ക്ലാസ് റൂമുകളാണ് സ്കൂളുകളിൽ ഒരുങ്ങിയത്. പുതിയകെട്ടിടങ്ങൾ വ്യാപകമായി നിർമ്മിക്കപ്പെട്ടു. പഴയവ ആധുനിക മാനദണ്ഡങ്ങളനുസരിച്ച് പുതുക്കിപ്പണിതു. പൊതുജനാരോ​ഗ്യ രം​ഗത്തെ അടിസ്ഥാനസൗകര്യ വികസനം പുതിയ തലത്തിലേക്കെത്തിച്ചു. ഒട്ടേറെ താലൂക്ക്, ജനറൽ ആശുപത്രികൾ ലോകനിലവാരത്തിലേക്കെത്തിച്ചു.

അന്തർജില്ലാ റോഡുകൾ അടക്കം കേരളത്തിന്റെ റോഡ് കണക്ടിവിറ്റിയിൽ വലിയ മുന്നേറ്റമാണ് കിഫ്ബി പദ്ധതികൾ കൊണ്ടുവന്നത്. 253 റോ‍ഡുകൾ, 98 പാലങ്ങൾ, 50 മലയോര സ്ട്രെച്ചുകൾ, 60 റെയിൽവേ മേൽപ്പാലങ്ങൾ,39 തീരദേശ ഹൈവേ സ്ട്രെച്ചുകൾ, 17 ഫ്ലൈഓവറുകൾ, 5 ബൈപ്പാസുകൾ. അങ്ങനെ നീളുന്നു ആ പട്ടിക. വയനാട് താമരശേരി ചുരത്തിന് ബദൽ പാതയായ ആനക്കാംപൊയിൽ കല്ലാടി മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനമാണ് ഈ പട്ടികയിൽ ഒടുവിലത്തേത്.

ദേശീയപാതാ വികസനം ഇന്നത്തെ നിലയിലേക്കെത്താനും കാരണം കിഫ്ബിയാണ്. ഭൂമിയേറ്റെടുക്കലിന് വേണ്ട തുകയുടെ 25% കിഫ്ബി വഴി സർക്കാർ സമാഹരിച്ച് ദേശീയപാതാ അതോറിറ്റിക്ക് കൈമാറിയതോടെയാണ് കടമ്പകൾ നീങ്ങിയത്.