കെഎസ്ആർടിസി പാക്കേജിൽ ഗവിയിൽ വിനോദയാത്രയ്ക്ക് പോയി വനത്തിൽ കുടുങ്ങിയവരെ തിരികെ എത്തിച്ചു

Thursday 17 April 2025 7:18 PM IST

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജിൽ ഗവിയിൽ വിനോദയാത്രക്ക് പോയി വനത്തിൽ കുടുങ്ങിയ യാത്രക്കാരെ തിരികെ എത്തിച്ചു. 38 പേരുമായി ചടയമംഗലത്ത് നിന്ന് പോയ ബസാണ് മണിക്കൂറുകളോളം വനത്തിൽ കുടുങ്ങിയത്. ബസിന് തകരാർ സംഭവിച്ചതിനെ തുടർന്നാണ് യാത്രക്കാർ കുടുങ്ങിയത്. പകരം ബസ് എത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് യാത്രക്കാർ പറയുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ആളുകളെ ജനവാസ മേഖലയിൽ എത്തിക്കാനായത്.

വിനോദയാത്ര സംഘത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് ഗവി പാതയിൽ കുടുങ്ങിയത്.

ചടയമംഗലത്ത് നിന്ന് ഇവർ പുറപ്പെട്ട കെ.എസ്.ആർ,​ടി,​സി ബസ് 11 മണിയോടെ വനമേഖലയിലെ നാല്പത് എന്ന സ്ഥലത്ത് വച്ച് കേടായി. പത്തനംതിട്ടയിൽ നിന്ന് മൂന്നരയോടെ പകരമൊരു ബസെത്തിയെന്നും എന്നാൽ ആ വണ്ടിയ്ക്കും കേടുപാടുകൾ സംഭവിച്ചെന്ന് യാത്രക്കാർ വ്യക്തമാക്കി. ശക്തമായ മഴ പെയ്തതും യാത്രക്കാരെ പരിഭ്രാന്തരാക്കി. ഒടുവിൽ വൈകിട്ട് അഞ്ചരയോടെ കുമളിയിൽ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലാണ് യാത്രക്കാരെ മൂഴിയാറിലെ ജനവാസ മേഖലയിൽ എത്തിക്കാനായത്.