മാങ്കൂട്ടത്തിനെതിരായ മൂന്നാം പീഡനക്കേസിൽ കുറ്റപത്രം

Friday 08 May 2026 12:00 AM IST

തിരുവല്ല: പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. കാനഡയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയെ തിരുവല്ലയിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായാണ് കേസ്. മൂന്നാം പീഡനക്കേസാണിത്.

യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേസ് അന്വേഷിച്ച പ്രത്യേക സംഘം തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. യുവതി വിദേശത്തുനിന്നെത്തി മൊഴി നൽകിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കുറ്റപത്രത്തിൽ നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരി10നാണ് രാഹുൽ അറസ്റ്റിലായത്. ഷൊർണൂരിലെ കെ.പി.എം ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലാത്സംഗത്തിനും ശാരീരിക, മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ അടക്കം കുറ്റങ്ങൾ ചുമത്തി. എന്നാൽ, ബലാത്സംഗമല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. ഇതിനുള്ള ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തിരുന്നു.