SignIn
Kerala Kaumudi Online
Thursday, 14 May 2026 1.36 PM IST

'ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചു'; തോൽവിയിൽ അതൃപ്തി അറിയിച്ച് കെ.കെ ശൈലജ

kk-shylaja

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിട്ട കടുത്ത തോൽവിക്ക് പിന്നാലെ അതൃപ്തിയറിയിച്ച് മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ ശൈലജ. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ശൈലജ തന്റെ നിലപാട് വ്യക്തമാക്കിയത്. പേരാവൂർ നിയോജക മണ്ഡലത്തിൽ തനിക്ക് മത്സരിക്കാൻ താല്‍പര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റിൽ പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മത്സരിച്ചപ്പോൾ റെക്കാഡ് ഭൂരിപക്ഷത്തിലാണ് കെ.കെ ശൈലജ ജയിച്ചത്. എന്നാൽ ഇത്തവണ പേരാവൂരിൽ മത്സരിച്ചപ്പോൾ വോട്ടു ശതമാനത്തിൽ വമ്പിച്ച കുറവാണുണ്ടായത്. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് പതിനാലായിരത്തിലധികം വോട്ടുകൾക്കാണ് പേരാവൂരിൽ വിജയിച്ചത്. സ്വന്തം നാടായ ഇരിട്ടിയിലെ പായം ഗ്രാമപഞ്ചായത്തിലെ 13 ബൂത്തുകളിൽ ശൈലജ ലീഡ് ചെയ്തപ്പോൾ 12 ബൂത്തുകളിൽ ലീഡുയർത്തി തൊട്ടുപിന്നിൽ സണ്ണി ജോസഫ് ഉണ്ടായിരുന്നു. ഇടതുകോട്ടകളിൽ പോലും സിപിഎം സ്ഥാനാർത്ഥിക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂർ മണ്ഡലത്തിലേക്ക് മാറ്റിയത് വിവാദമായിരുന്നു. കെ കെ ശൈലജയെ പേരാവൂരിൽ സ്ഥാനാർത്ഥിയാക്കിയത് തോൽപ്പിക്കുന്നതിന് വേണ്ടിയാണെന്ന് സിപിഎം വിട്ട ടി.കെ. ഗോവിന്ദൻ വിമർശിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിക്കുക എന്ന പാർട്ടിയുടെ ലക്ഷ്യം നിറവേറ്റുന്നതിനായാണ് മണ്ഡലമാറ്റം എന്നായിരുന്നു പാർട്ടി നിലപാട്. മട്ടന്നൂരിൽ സിപിഎം സ്ഥാനാർത്ഥിയായി ശൈലജയ്ക്ക് പകരം മത്സരിച്ച വി.കെ സനോജ് പതിനാലായിരത്തിലധികം വോട്ടുകൾ നേടിയാണ് വിജയിച്ചത്. ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ കുറവാണ് ഇത്തവണ മട്ടന്നൂരിലുണ്ടായത്.

Add as a preferred source on Google
TAGS: PERAVOOR, MATTANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA