കൊച്ചി: ദക്ഷിണ കൊറിയയിൽ നടക്കുന്ന 30 ാമത് ബുസാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ ബഹുഭാഷ ചിത്രമായ 'ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ്' (ഖിഡ്കീ ഗാവ്) പ്രദർശിപ്പിക്കുമ്പോൾ ചിത്രത്തിലെ നായികയും മലയാളിയുമായ ഭാനുപ്രിയയ്ക്ക് അഭിമാന നിമിഷം. ഭാനുപ്രിയയും മേളയിൽ പങ്കെടുക്കുന്നുണ്ട്. 17 മുതൽ 26വരെ നടക്കുന്ന മേളയിൽ ഏഷ്യൻ വിഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന കമിതാക്കളുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഖിഡ്‌കീ ഗാവ്. ബഹുഭാഷാ സിനിമയാണെങ്കിലും മലയാള സംഭാഷണങ്ങളാണ് കൂടുതൽ. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ഭാനുപ്രിയയുടെ നാലാമത് സിനിമയാണ് സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഖിഡ്‌കീ ഗാവ്' അഥവാ ജാലകഗ്രാമം. ഇംഗ്ലീഷിലെ പേരാണ് ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ്. കാൻമേളയിലെ പുരസ്കാര ജേതാവ് പായൽ കപാഡിയ ചിത്രത്തിന്റെ സഹനിർമ്മാതാവാണ്.
സീനിയർ ഭാനുപ്രിയയുടെ ഫാൻ
കുച്ചിപ്പുടി നർത്തകിയും റേഡിയോ ജോക്കിയുമായ ഭാനുപ്രിയയുടെ 4 ാമത്തെ ചിത്രമാണ് 'ഖിഡ്‌കീ ഗാവ്'. ആദ്യചിത്രമായ ചാൾസ് എന്റർപ്രൈസസിൽ ഒപ്പം അഭിനയിച്ച അഭിജ ശിവകല മുഖേനയാണ് ഇതിലേക്ക് എത്തുന്നത്. മദ്രാസ് മാറ്റിനി, ദാവീദ് എന്നിവയാണ് മറ്റു സിനിമകൾ. തെന്നിന്ത്യൻ നടിയും നർത്തകിയുമായ ഭാനുപ്രിയയുടെ ആരാധികയാണ് ജൂനിയർ ഭാനുപ്രിയ. പരേതനായ പുരുഷോത്തമൻ നമ്പൂതിരിയുടെയും പ്രിയംവദയുടെയും മകളാണ്. സഹോദരി: പൂർണിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |