കോട്ടയം: മകന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ കോട്ടയത്തെ പ്രമുഖ വ്യവസായിയേയും ഭാര്യയേയും വീട്ടിൽ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാർ കാർത്തികേയൻ (64), ഭാര്യ ഡോ.മീര (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ മുമ്പ് ജോലിചെയ്തിരുന്ന അസാം സ്വദേശി അമിത് ആണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിൽ പൊലീസ് തെരച്ചിൽ തുടങ്ങി.
വീട്ടിലെ സിസി.ടി.വിയുടെ ഹാർഡ് ഡിസ്‌കുകളും ദമ്പതികളുടെ ഫോണുകളും കാണാനില്ല. എന്നാൽ, സ്വർണാഭരണങ്ങളടക്കം മോഷണം പോയിട്ടില്ല. അതിനാൽ മോഷണമല്ല ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. വ്യക്തിവൈരാഗ്യമാണോയെന്ന് അന്വേഷിക്കുന്നു. വീടിനെപ്പറ്റി കൃത്യമായി അറിയാവുന്നയാളാണ് കൊലയ്ക്കുപിന്നിൽ. പ്രതിയെ ഉടൻ അറസ്റ്ര് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
രണ്ട് കിടപ്പുമുറികളിലായിരുന്നു മൃതദേഹങ്ങൾ. വിജയകുമാറിന്റെ മൃതദേഹം നഗ്‌നമായി നിലത്തും മീരയുടേത് അല്പവസ്ത്രങ്ങളോടെ കട്ടിലിലുമായിരുന്നു. മീരയുടെ മൃതദേഹത്തിന് മുകളിൽ തലയിണയും കട്ടിലിൽ കൊലയ്ക്കുപയോഗിച്ച കോടാലിയുമുണ്ടായിരുന്നു. മീരയുടെ തലയ്ക്കുപിന്നിലും പുറത്തും വിജയകുമാറിന്റെ മുഖത്തും തലയ്ക്കും വെട്ടേറ്റ നിലയിലായിരുന്നു
രാവിലെ 8.45ന് വീട്ടുജോലിക്കാരി രേവമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മതിൽചാടിയാണ് അക്രമി അകത്തുകടന്നത്. ഔട്ട്‌ഹൗസിൽ നിന്ന് അമ്മിക്കല്ലും കോടാലിയും കൈക്കലാക്കി. സ്ക്രൂഡ്രൈവറും ഡ്രില്ലറും ഉപയോഗിച്ച് വാതിൽ തുറന്നാണ് വീടിനുള്ളിൽ കടന്നത്. അമ്മിക്കല്ല് വാതിൽക്കൽ ഉപേക്ഷിച്ച നിലയിലായിരുന്നു. കാവൽക്കാരൻ ഉണ്ടായിരുന്നെങ്കിലും അസ്വാഭാവികമായ ശബ്ദമൊന്നും കേട്ടില്ലെന്നാണ് മൊഴി.
വീട്ടിലെ രണ്ട് വളർത്തുനായ്ക്കളിൽ ഒരെണ്ണം നാലുദിവസം മുമ്പ് ചത്തിരുന്നു. മറ്റേത് മയങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. രണ്ടുമാസം മുൻപായിരുന്നു അമേരിക്കൻ പൗരനുമായി മകൾ ഡോ.ഗായത്രിയുടെ വിവാഹം. ഇവർ അമേരിക്കയിലാണ്.
മകന്റെ മരണത്തിൽ ദുരൂഹത
2017 ജൂൺ മൂന്നിനാണ് തെള്ളകത്തെ റെയിൽവേ ട്രാക്കിന് സമീപം മുറിവുകളിൽ നിന്ന് രക്തംവാർന്ന് മരിച്ചനിലയിൽ ദമ്പതികളുടെ മകൻ ഗൗതമിന്റെ (28) മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
തുടർന്ന് വിജയകുമാർ നൽകിയ ഹർജിയിൽ സി.ബി.ഐ അന്വേഷണത്തിന് കഴിഞ്ഞ ഫെബ്രുവരി 19ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതുമായി ദമ്പതികളുടെ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ആ വഴിക്കും അന്വേഷിക്കുന്നുണ്ട്. സി.ബി.ഐ സംഘവും ഇന്നലെ സ്ഥലത്തെത്തി.
മുൻ ജോലിക്കാരന്റെ
വൈരാഗ്യമോ?
വീട്ടിലെ ജോലിക്കാരനായിരുന്ന അമിത്, വിജയകുമാറിന്റെ ഒന്നരലക്ഷത്തിന്റെ മൊബൈൽ മോഷ്ടിച്ചിരുന്നു. ഇതുവഴി രണ്ടരലക്ഷത്തോളം രൂപ വിജയകുമാറിന്റെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫറും ചെയ്തു. തുടർന്ന് അമിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിനാണ് ജയിലിൽ നിന്നിറങ്ങിയത്. ഇതിന്റെ വൈരാഗ്യമാണോ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നു. ഏതാനും ദിവസംമുമ്പ് ദമ്പതികളുടെ വീട്ടിലെത്തി ഇയാൾ ബഹളമുണ്ടാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |