കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. 750 പേജുള്ള കുറ്റപത്രമാണ് കോട്ടയം വെസ്റ്റ് പൊലീസ് കോട്ടയം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അസം സ്വദേശി അമിത് ഉറാംഗ് ആണ് കേസിലെ ഏക പ്രതി. 67 സാക്ഷികളും 100ഓളം രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊലയ്‌ക്ക് കാരണം പകയും വ്യക്തിവൈരാഗ്യവുമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
തിരുവാതുക്കൽ ശ്രീവത്സത്തിൽ ടി.വി വിജയകുമാർ (64), ഭാര്യ ഡോ. മീര (60) എന്നിവരെ കഴിഞ്ഞ ഏപ്രിൽ 22നാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ വീട്ടിലെയും സ്ഥാപനത്തിലെയും മുൻ ജോലിക്കാരനായിരുന്ന ആസാം സ്വദേശി അമിത് ഉറാംഗിനെ തൃശൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
വിജയകുമാറിന്റെ വീട്ടിൽ ജോലിക്ക് നിന്ന കാലത്ത് അദ്ദേഹത്തിന്റെ മൊബൈൽ ഉപയോഗിച്ച് അമിത് ഓൺലൈൻ പണമിടപാട് നടത്തുകയും ഈ കേസിൽ അഞ്ചര മാസം ജയിലിലാകുകയും ചെയ്‌തിരുന്നു. ഇതോടെ അമിതിന്റെ ഭാര്യ പിണങ്ങിപ്പോയി. തുടർന്ന് വ്യക്തിപരമായി നിരവധി നഷ്‌ടങ്ങളും പ്രതിക്കുണ്ടായി.
ഇതോടെ പ്രതികാരം ചെയ്യാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഏപ്രിൽ 22ന് അമിത് കോട്ടയത്ത് ഒരു ലോഡ്‌ജിൽ മുറിയെടുക്കുകയും പിന്നീട് വീട്ടിലെത്തി വിജയകുമാറിനെയും മീരയെയും കൊല ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |