മലപ്പുറം: രണ്ടാഴ്ച നീണ്ട ആവേശവും കടുപ്പവുമേറിയ പ്രചാരണത്തിന് ശേഷം നിലമ്പൂർ ഇന്ന് ജനവിധി കുറിക്കും. നെഞ്ചിടിപ്പിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.ആര്യാടൻ
ഷൗക്കത്തിന് 10,000ത്തിനും,15,000ത്തിനും ഇടയിൽ ഭൂരിപക്ഷം യു.ഡി.എഫ് കണക്കു
കൂട്ടമ്പോൾ,5,000ത്തിൽ കുറയാത്ത ഭൂരിപക്ഷമാണ് എൽ.ഡി.എഫിന്റെ മനസിൽ.പത്ത്
ശതമാനം വോട്ടെങ്കിലും പിടിക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ ക്യാമ്പ്.
വോട്ടർമാർ പോളിംഗ് ബൂത്തിലെത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി കൂട്ടു ചേർന്നിരുന്നെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫ് ക്യാമ്പിനെ വെട്ടിലാക്കി. വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി
ഗോവിന്ദൻ രംഗത്തെത്തിയെങ്കിലും,ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് ചലനമുണ്ടാക്കുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. പ്രസ്താവനയിൽ സി.പി.ഐയ്ക്കും അതൃപ്തിയുണ്ട്. ജമാഅത്തെ ഇസ്‌ലാമി ബന്ധം എൽ.ഡി.എഫ് ശക്തമായി ഉന്നയിച്ചതോടെ പ്രതിരോധത്തിലായ യു.ഡി.എഫിന് ആർ.എസ്.എസ് വിവാദം അപ്രതീക്ഷിതമായി വീണു കിട്ടിയ ആയുധമായി.എന്നാൽ വൈകുന്നേരത്തോടെ വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രി ഗോവിന്ദന്റെ പ്രസ്താവനയിലെ അപകടം തിരുത്തി.
എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവന നിലമ്പൂരിൽ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സഹായത്തിനായുള്ള പ്രണയാർദ്രമായ ഓർമ്മപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ആർ.എസ്.എസിന്റെ വോട്ട് കിട്ടിയിട്ടുണ്ടെന്ന് പിണറായി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് എന്തുകൊണ്ടാണ് പഴയ സൗഹൃദത്തെക്കുറിച്ച് സി.പി.എം ഓർത്തത്?. ഇടയ്ക്ക് വേർപിരിഞ്ഞെങ്കിലും നമ്മൾ വലിയ കൂട്ടുകാരായിരുന്നെന്നും ഇപ്പോൾ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. സി.പി.എം നേതാക്കൾ മൂടിവയ്ക്കാൻ ശ്രമിച്ച സത്യമാണ് എം.വി.ഗോവിന്ദൻ അറിയാതെ പറഞ്ഞു പോയതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |