
കൊച്ചി: ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. രാഹുലിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം അന്വേഷണ സംഘത്തോട് പറഞ്ഞു. രാഹുലിനെ ആത്മഹത്യയിലേക്ക് നയിക്കാനായി സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.
ശനിയാഴ്ച രാവിലെയാണ് രാഹുലിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫുഡ് വ്ലോഗർ കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ. കൊച്ചിയിലെ വ്യത്യസ്തമായ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് 'ഈറ്റ് കൊച്ചി ഈറ്റ്'. ഇതിന്റെ ഭാഗമായ രാഹുലിനും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുണ്ട്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ രാഹുൽ സമൂഹ മാദ്ധ്യമത്തിൽ സജീവമായിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചുള്ള വീഡിയോ ആണ് വെളളിയാഴ്ച രാഹുൽ ചെയ്‌തിരുന്നത്.
2015ലാണ് 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന കമ്മ്യൂണിറ്റി ആരംഭിച്ചത്. ഫേസ്‌ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഇത്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫേസ്‌ബുക്ക് അനുവദിച്ചത്. നിലവിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് 'ഈറ്റ് കൊച്ചി ഈറ്റ്' കമ്മ്യൂണിറ്റിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |