
കൊച്ചി: മരടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് വീണനിലയിൽ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുരിശ് സ്വദേശി സുഭാഷിന്റെ (51) മൃതദേഹമെന്നാണ് വിവരം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഭാഷിന്റെ പേരിലുള്ള ഐഡി കാർഡ്, കിടക്കവിരി, ബാഗ് തുടങ്ങിയ വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. തലയ്ക്ക് പിന്നിൽ ഗുരുതരമായ പരിക്കും കാലുകൾക്ക് ഒടിവുമുണ്ട്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം.
മരടിലാണ് സുഭാഷിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത്. സഹോദരി ഭർത്താവ് മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മാസം മുൻപ് സഹോദരിയെ കാണാൻ സുഭാഷ് ചെന്നിരുന്നു. ഇടയ്ക്കിടെ വീടുവിട്ട് ഇറങ്ങിപോകുന്ന സ്വാഭാവം ഇയാൾക്കുണ്ട്. മരടിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് മുകളിലായിരുന്നു സുഭാഷ് താമസിച്ചിരുന്നതെന്നാണ് നിഗമനം. ഇവിടെ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കിട്ടിയിരുന്നു. നിർമാണപ്പിഴവ് മൂലം ചെറിയ ചരിവ് കണ്ടെത്തിയതിനെ തുടർന്ന് ഈ കെട്ടിടത്തിന്റെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. കായലിൽ മീൻ പിടിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |