
കൊച്ചി: കുടിവെള്ള മോഷ്ടാക്കളെക്കൊണ്ട് നഗരത്തിൽ വാട്ടർ അതോറിട്ടി വശംകെട്ടു. പലവിധ തന്ത്രങ്ങളാൽ വലയുകയാണ്അതോറിട്ടി. എറണാകുളം പള്ളിമുക്ക് സബ് ഡിവിഷനു കീഴിൽമാത്രം കഴിഞ്ഞ ഒമ്പതുമാസംകൊണ്ട് കണ്ടെത്തിയത് 103 കുടിവെള്ളമോഷണങ്ങൾ. ഒരുഹോട്ടലിന് 65 ലക്ഷംവരെയുള്ള പിഴയുൾപ്പെടെ മൊത്തം 98,85,000രൂപയുടെ കളവുകൾ ഇതിലുണ്ട്. തേവര, പനമ്പിള്ളിനഗർ, സൗത്ത് റെയിൽവേ സ്റ്റേഷൻ, ചിറ്റൂർറോഡ്, എം.ജി റോഡ്, എസ്.ആർ.എം റോഡ്, ഹൈക്കോർട്ട്, പച്ചാളം, വടുതല, അയ്യപ്പൻകാവ്, മുളവുകാട് പഞ്ചായത്ത് തുടങ്ങിയ മേഖലകളിൽ സബ് ഡിവിഷൻ ആന്റി വാട്ടർതെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് മോഷണം പിടികൂടിയത്. ഇതിലേറെയും തേവര മേഖലയിലാണ്.
തന്ത്രങ്ങൾ
• വാട്ടർമീറ്റർ ഇല്ലാതെ വെള്ളം എടുക്കുക.
• വിഛേദിച്ച കണക്ഷൻ അനധികൃതമായി പുനഃസ്ഥാപിച്ച് ഉപയോഗിക്കുക
• മീറ്ററിൽ കൃത്രിമം കാണിക്കുക.
• വാട്ടർമീറ്ററിന് സമാന്തരമായി ലൈൻവലിക്കുക.
ഹോട്ടലിന് പിഴ 65 ലക്ഷത്തിലേറെ
കള്ളകണക്ഷൻ ഉപയോഗിച്ച് എട്ടുവർഷത്തോളം വെള്ളമൂറ്റിയ പ്രമുഖ ഹോട്ടലിന് 65,40,492 രൂപയാണ് പിഴ. ഇത് കേസിലേക്കും സർക്കാർ ഇടപെടലിലേക്കും നീങ്ങിയിട്ടുണ്ട്. സമാന്തരമായി ലൈൻവലിച്ച് വർഷങ്ങൾ കുടിവെള്ളം ഉപയോഗിച്ച രണ്ട് വീടുകൾക്ക് 4,08,820 ലക്ഷവും 2,25,833 ലക്ഷവും വീതം പിഴയിട്ടു. ഹോസ്റ്റലുകളും വാടകവീടുകളും ഈ വളപ്പിൽ ഉണ്ടായിരുന്നു. സമാന്തരലൈനുകൾക്ക് മീതെ ടൈലുകൾ വിരിച്ചതിനാൽ പെട്ടെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള കേസുകളായിരുന്നു രണ്ടും. ആഡംബര വീടുകൾക്ക് ചെറിയ ബില്ലുകൾ മാത്രം വരുന്നതിലെ സംശയംകൊണ്ടായിരുന്നു പരിശോധന.
ഹോസ്റ്റലുകൾ തലവേദന
നഗരത്തിലെ ഹോസ്റ്റലുകളാണ് കുടിവെള്ളമോഷ്ടാക്കളിൽ പ്രധാനികൾ. തേവരയിൽ പഴയ വമ്പൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിന് കുടിവെള്ള കണക്ഷൻ ഉണ്ടായിരുന്നില്ല. പലവട്ടം പരിശോധിച്ചിട്ടും സൂചന ലഭിച്ചില്ല. വാച്ചറിന് പറ്റിയ അബദ്ധമാണ് കള്ളി വെളിച്ചത്താക്കിയത്. പ്ളംബറെന്ന് ധരിച്ച് ഇയാൾ വീട്ടിനുള്ളിൽ കൂട്ടിക്കൊണ്ടുപോയപ്പോൾ കണ്ടത് മുറിക്കുള്ളിലെ വമ്പൻടാങ്ക്. അതിന് മുകളിൽ മാറ്റിട്ട് കട്ടിലുകളും. 7,25,932രൂപ പിഴചുമത്തി. ഗാർഹിക കണക്ഷൻ ഉപയോഗിച്ച് വ്യവസായം നടത്തിയ വിരുതനും കിട്ടി 12,00,831 രൂപയുടെ പിഴ.
• മൂന്നു പേർക്കെതിരെ പൊലീസ് കേസ്
കുടിവെള്ളമോഷണത്തിന് ചുമത്തിയ പിഴ അടയ്ക്കാത്തതിന് രണ്ട് ഹോസ്റ്റലുകൾക്കും ഒരു വ്യവസായ സ്ഥാപനത്തിനുമെതിരെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുമുണ്ട്. പിഴ കൂടാതെ
6മാസംമുതൽ ഒരുവർഷംവരെ തടവുശിക്ഷയും 25000രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കുടിവെള്ളമോഷണം.
കുടിവെള്ളമോഷണം റിപ്പോർട്ട് ചെയ്യാം
പള്ളിമുക്ക് സബ് ഡിവിഷൻ
9496015213, 9496015214
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |