വരുന്നൂ,​ ഓപ്പറേഷൻ തൂഫാൻ; ലഹരിയുടെ വേരറുക്കും, എല്ലാ സ്കൂൾ പരിസരത്തും പൊലീസ് സാന്നിദ്ധ്യം

Sunday 24 May 2026 12:51 AM IST

മയക്കു മരുന്ന് മാഫിയയുടെ വേരറുക്കുമെന്ന് ചെന്നിത്തല ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും അനുമതിയില്ലാതെ റെയ്ഡ് നടത്താം ഹോട്ടൽ,ബോട്ട് ലഹരിപ്പാർട്ടികൾ തടയും സ്വത്തുക്കൾ കണ്ടുകെട്ടും

തിരുവനന്തപുരം: കുടുംബ ബന്ധങ്ങളെപ്പോലും തകർക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് യുവാക്കളെയും വിദ്യാർത്ഥികളെയും രക്ഷിക്കാൻ 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്" പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്കൂൾ- കോളേജ് പരിസരത്തെ ലഹരിവില്പനയും ഹോട്ടലുകളിലെയും കായലിലെയും കടലിലെയുമടക്കം ലഹരിപാർട്ടികളും തടയും.

ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും റെയ്ഡിനു മുൻകൂർ അനുമതി ആവശ്യമുണ്ടാവില്ല. എല്ലാ സ്കൂളുകളുടെയും പരിസരത്ത് പൊലീസ് സാന്നിദ്ധ്യമുറപ്പാക്കും. വിദ്യാർത്ഥികൾക്ക് ലഹരിയെത്തിച്ചതായി രണ്ടുകേസുകളെങ്കിലുമുള്ളവരെ കരുതൽ തടങ്കലിലാക്കും.

ജില്ലകളിൽ ലഹരിവിരുദ്ധ സ്ക്വാഡുകളുണ്ടാവും. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ലഹരിയിടപാടുകൾ തടയാൻ സൈബർപട്രോളുണ്ടാവും. ലഹരിമരുന്ന് വ്യാപാരത്തിലൂടെയുണ്ടാക്കിയ സ്വത്തുക്കൾ കണ്ടുകെട്ടും.

ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പിയുടെ നേതൃത്വത്തിലാവും പദ്ധതി നടപ്പാക്കുക. സ്കൂളുകളും കോളേജുകളും തുറക്കുന്ന ജൂൺ ഒന്നുമുതൽ പൊലീസിന്റെ നേതൃത്വത്തിലും എക്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയും ഓപ്പറേഷൻ തൂഫാൻ ആരംഭിക്കും. തൂഫാൻ എന്ന ഹിന്ദിവാക്കിനു കൊടുങ്കാറ്റ് എന്നാണ് അർത്ഥം.

അന്യസംസ്ഥാനങ്ങളിലെ മൊത്തക്കച്ചവടക്കാരെയും ഇടനിലക്കാരെയും പിടികൂടും. ഇതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം വിളിക്കാൻ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനു നിർദ്ദേശം നൽകി.

ലഹരിയൊഴുക്കിന്

അന്തർസംസ്ഥാന ബന്ധം

രാസലഹരി ഉപയോഗത്തിൽ രാജ്യത്ത് മൂന്നാമതാണ് കേരളം. അഫ്ഗാൻ, ആഫ്രിക്കൻ ഹെറോയിനും ഉന്മാദലഹരിയായ 'മെത്ത്ട്രാക്‌സും" സുലഭം

എൽ.എസ്.ഡി മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നെത്തുന്നു. ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലേക്ക് കഞ്ചാവെത്തിക്കുന്നു.

1140

സ്കൂളുകൾക്കടുത്ത്

ലഹരിയിടപാടുണ്ടെന്ന്

എക്സൈസ്

104

സ്കൂളുകൾ തീവ്രലഹരി

ഉപയോഗമുള്ള

ഹോട്ട്സ്പോട്ടുകൾ

31.8%

കോളേജ് വിദ്യാർത്ഥികളിൽ

ലഹരി ഉപയോഗിക്കുന്നവർ

80%

കൗമാരക്കാർ

കൂട്ടുകാർക്കൊപ്പം

ലഹരി ഉപയോഗിക്കുന്നു

1681

ലഹരികടത്തുകാരുടെ

പട്ടിക തയ്യാറാക്കിയിട്ടുണ്ട്

കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കും. ഭാവിതലമുറയെ കരുതിയുള്ള ഓപ്പറേഷനാണിത്.

-രമേശ് ചെന്നിത്തല,

ആഭ്യന്തരമന്ത്രി

കേസ് കുറവുള്ള സ്റ്റേഷനിൽ

അധികാരം എസ്.ഐയ്ക്ക്

താഴെത്തട്ടിലെ പൊലീസ് പ്രവർത്തന സംവിധാനത്തിൽ മാറ്റം. പ്രതിവർഷം 500ൽ താഴെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സി- കാറ്റഗറിയിൽപ്പെട്ട 210 പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് മടക്കിനൽകും. രണ്ടു സ്റ്റേഷനുകളുടെ മേൽനോട്ടത്തിനു ഇൻസ്പെക്ടറെ നിയോഗിക്കും. ഒൻപത് സ്റ്റേഷനുകളുടെ മേൽനോട്ടം ഡിവൈ.എസ്.പിക്കായിരിക്കും.

സ്റ്റേഷനുകളിൽ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നിവരുടെ സാന്നിദ്ധ്യം പുനഃക്രമീകരിക്കുന്നത് വിദഗ്ദ്ധസമിതി പഠിക്കും. ഇതിനായി പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ അഞ്ചംഗസമിതിയെ നിയോഗിച്ചു. റിപ്പോർട്ട് ലഭിച്ചാലുടൻ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്.ഐമാർക്ക് ചുമതല കൈമാറുന്ന സ്റ്റേഷനുകളിലെ ഗുരുതര കുറ്റകൃത്യങ്ങൾ ഡിവൈ.എസ്.പിമാരോ ജില്ലാ ക്രൈംബ്രാഞ്ചിലെ ഇൻസ്പെക്ടർമാരോ അന്വേഷിക്കും.

സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റുന്ന സി.ഐമാർക്ക് സൈബർ, പോക്സോ, സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണച്ചുമതല നൽകും. ജില്ലാ ക്രൈംബ്രാഞ്ച്, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലേക്കും മാറ്റും. ഒന്നിലേറെ എസ്.ഐമാരുള്ളിടത്ത് ഒരാളെ പ്രിൻസിപ്പൽ എസ്.ഐയാക്കും.