സുരേഷ് ഗോപിക്ക് കൊടുത്തു, പക്ഷേ പത്മജയ്ക്ക് കൊടുക്കില്ലേ? തൃശൂരിൽ തളർന്ന് പത്മജ

Monday 04 May 2026 11:10 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയിലൂടെ എൻഡിഎയ്ക്ക് തൃശൂരിനെ നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് പത്മജ വേണുഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ കനത്ത തിരിച്ചടിയാണ് തൃശൂർ മണ്ഡലത്തിൽ പത്മജ നേരിടുന്നത്. 1500ഓളം വോട്ടിന്റെ ലീഡുമായി യുഡിഎഫിന്റെ രാജൻ പല്ലനാണ് മുന്നിലുള്ളത്. എൽഡിഎഫിന്റെ ആലങ്കോട് ലീലാകൃഷ്ണൻ രണ്ടാം സ്ഥാനത്തുണ്ട്.

മുൻകാലങ്ങളിൽ സംസ്ഥാനതലത്തിൽ യുഡിഎഫിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാറുള്ള ജില്ലയായിരുന്നു തൃശൂർ. എന്നാൽ കരുണാകരൻ പാർട്ടി വിട്ടുപോയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. യുഡിഎഫ് വീണ്ടും തൃശൂർ തിരിച്ചുപിടിക്കുമോയെന്ന ആകാംഷയാണുള്ളത്. 2016ലും 2021ലും ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും എൽഡിഎഫായിരുന്നു ജയിച്ചുകയറിയത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാല് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുകയാണ്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിന് അടിപതറുന്ന കാഴ്‌ചയാണുള്ളത്. സുരേഷ് ഗോപിയുടെ വിജയം നൽകിയ ആത്മവിശ്വാസത്തോടെ മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കരുത്തോടെയായിരുന്നു പത്മജയുടെ പ്രചാരണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ സുരേഷ് ഗോപിയുടെ പാത പിന്തുടരാൻ പത്മജയ്ക്കാകുമോയെന്ന ചോദ്യമാണ് മുന്നിലുള്ളത്.