
പാലക്കാട്: പുതുശേരിയിൽ കുട്ടികളുടെ കരോൾ സംഘത്തിന് നേരെ അക്രമമുണ്ടായതിന് പിന്നാലെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ പോലും ഭയമാണെന്ന് രക്ഷിതാക്കൾ. സംഭവത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാർ നടത്തിയ പ്രസ്‌താവന കുട്ടികളെയും തങ്ങളെയും വേദനിപ്പിച്ചെന്നും പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു.
'അദ്ധ്യാപകരും കൂട്ടുകാരും തങ്ങളെ എങ്ങനെ കാണുമെന്ന് കുട്ടികൾക്ക് ഭയമുണ്ട്. ആറും ഏഴും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ മദ്യപിക്കുമെന്നൊക്കെ പറയുന്നത് ശരിയാണോയെന്ന് പറയുന്നവർ ആലോചിക്കണം. ഇത് യുപി അല്ലെന്ന് അവർ മനസിലാക്കണം' - കരോൾ സംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ കുട്ടികളുടെ രക്ഷിതാക്കളായ ജയദേവൻ, അജീഷ്, ജിജു, രാജേഷ് എന്നിവർ പറഞ്ഞു.
ഞായറാഴ്‌ച രാത്രിയാണ് കുരുടിക്കാട് സുരഭി നഗറിൽ പത്ത് സ്‌കൂൾ വിദ്യാർത്ഥികളടങ്ങുന്ന കരോൾ സംഘത്തെ മദ്യപിച്ചെത്തിയ കാണാണ്ടിത്തറ സ്വദേശി അശ്വിൻരാജ് (24) തടഞ്ഞുനിർത്തി മർദിച്ചത്. കാപ്പ നടപടി നേരിട്ടിരുന്ന ഇയാളെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തു.
അശ്വിൻരാജ് ബിജെപിക്കരനാണെന്നും ബാൻഡിൽ സിപിഎം എന്ന് എഴുതിയത് കണ്ടതിനാലാണ് മർദിച്ചതെന്നും സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകുന്നതിനിടെയാണ്, മദ്യപിച്ച് സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമായിട്ടാണോ കാണേണ്ടതെന്ന് ബിജെപി നേതാവ് സി കൃഷ്‌ണകുമാർ ചോദിച്ചത്. കൃഷ്‌ണകുമാർ പിന്നീട് ഈ പ്രസ്‌താവന തിരുത്തുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |