
തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുള്ള വീഴ്ചകളിൽ ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള വിചാരണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ മാർഗനിർദ്ദേശമിറക്കി. വിചാരണ അനുമതി തേടി അപേക്ഷ ലഭിച്ചാൽ 120 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണമെന്നാണ് പ്രധാന നിർദ്ദേശം. പ്രോസിക്യൂഷൻ അനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ 'ഡീംഡ് സാങ്ഷൻ' ഉൾപ്പെടെയുള്ള മാറ്റങ്ങളോടെയാണ് വിജ്ഞാപനം. അതുപ്രകാരം, 120 ദിവസത്തിനുള്ളിൽ സർക്കാർ മറുപടി നൽകിയില്ലെങ്കിൽ, ആ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ അനുമതി ലഭിച്ചതായി കണക്കാക്കും. സർക്കാർ അനുമതിയോടെ മാത്രം ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയുന്ന ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കുമാണ് ഇതു ബാധകമാവുന്നത്.
സ്ത്രീപീഡനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ല.
എഫ്.ഐ.ആർ, നിയമോപദേശം, സാക്ഷിമൊഴികൾ, ഉദ്യോഗസ്ഥന്റെ നിയമന ഉത്തരവ്, സർവീസ് ബുക്ക് പകർപ്പ് എന്നിവ ഉൾപ്പെടെയുള്ള എട്ടു രേഖകൾ നിർബന്ധമായും പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം. ജില്ലാ പൊലീസ് മേധാവി വഴി സംസ്ഥാന പൊലീസ് മേധാവിക്ക് അപേക്ഷ നൽകണം. ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ വിശദീകരണം തേടാവുന്നതാണ്. പൊലീസ് മേധാവിയുടെ ശുപാർശയിൽ സർക്കാർ കാര്യങ്ങൾ പരിശോധിച്ചശേഷം കൃത്യമായ ഉത്തരവ് പുറപ്പെടുവിക്കണം.
സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതികാര ബുദ്ധിയോടെയുള്ള കേസുകളെ പ്രതിരോധിക്കുക, ഭരണപരമായ കാലതാമസം മുതലെടുത്ത് കുറ്റവാളികളായ ഉദ്യോഗസ്ഥർ നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നത് തടയുക എന്നതും ലക്ഷ്യമിടുന്നു. ഡിസംബർ 19-ന് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് വിജ്ഞാപനം പുറത്തിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |