
പട്ന: കൊൽക്കത്തയിൽ നിന്ന് ബീഹാറിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടു. 40,000രൂപയും സ്വർണാഭരണങ്ങളും മൊബൈലും ആധാർ,പാൻ കാർഡ് എന്നിവ ഉൾപ്പെടെ അടങ്ങിയ ബാഗാണ് നഷ്ടമായത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനായി സമസ്തിപുരിയിലേക്ക് പോകുന്നതിനിടെയാണ്. അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്ളയും കൂടെയുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടോടെ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് സെക്കൻഡ് എ.സി കമ്പാർട്ട്‌മെന്റിലെ ലോവർ ബെർത്തിലാണ് ശ്രീമതി യാത്ര ചെയ്തത്. രാത്രി ഉറങ്ങുമ്പോൾ തലയ്ക്കടുത്തായി ഷാൾ ഇട്ട് മൂടിവച്ചതായിരുന്നു ബാഗ്. ഇന്നലെ രാവിലെ 5.30ഓടെ ദർസിംഗ്സരായി സ്റ്റേഷനിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതറിയുന്നത്. ടിക്കറ്റ് എക്സാമിനറെയും റെയിൽവേ പൊലീസിനെയും വിവരം പറയാൻ അന്വേഷിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ലെന്ന് ശ്രീമതി പറഞ്ഞു. പൊലീസുകാരനോട് വിവരം പറഞ്ഞപ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണ്ടേയെന്ന് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ശ്രീമതി പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിനുശേഷമാണ് അധികൃതർ ഇടപെട്ടത്. തുടർന്ന് ദർസിങ്സരായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഔട്ട്‌പോസ്റ്റിൽ പരാതി നൽകി. കേരള ജനപ്രതിനിധിയും മുൻ മന്ത്രിയുമാണെന്ന് പറഞ്ഞിട്ടും കേസെടുക്കാൻ താമസമുണ്ടായെന്നും ഉന്നതതലത്തിൽ പരാതിപ്പെട്ടതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ശ്രീമതി വ്യക്തമാക്കി.ആ ബോഗിയിൽ യാത്ര ചെയ്ത മറ്റ് യാത്രക്കാരുടെ പേഴ്സുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ശ്രീമതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |